Section

malabari-logo-mobile

സംസ്ഥാനത്തെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ കേന്ദ്രം കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ ഒരുങ്ങുന്നു

HIGHLIGHTS : The state's first integrated plastic waste treatment plant is being set up at Kinfra Park, Kuttipuram

കുറ്റിപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിയുടെ കീഴില്‍ കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാന്റ് ഒരുങ്ങുന്നു. കിന്‍ഫ്ര പാര്‍ക്കില്‍ ഒരേക്കര്‍ സ്ഥലത്ത് ഒരുക്കുന്ന പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ 28 ന് വൈകീട്ട് 3.30 ന് ഓണ്‍ലൈന്‍ മുഖേന വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ക്ലീന്‍ കേരള കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേരള പുനര്‍ നിര്‍മാണ ഫണ്ടില്‍ നിന്നും 2.1 കോടി ചെലവഴിച്ചാണ് സംയോജിത പ്ലാസ്റ്റിക് പാഴ് വസ്തുക്കളുടെ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം അഞ്ച് മെട്രിക് ടണ്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ സംസ്‌കരിക്കാന്‍ തക്ക ശേഷിയുള്ള പ്ലാന്റാണ് കിന്‍ഫ്രയില്‍ ഒരുക്കുന്നത്. എട്ട് മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹരിതകര്‍മസേന വഴി ശേഖരിക്കുന്ന പാഴ് വസ്തുക്കളിലെ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് പ്രധാന ലക്ഷ്യം.

sameeksha-malabarinews

പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ പ്ലാന്റ്ിന് സമീപം തന്നെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രോണിക് പാഴ് വസ്തുക്കളുടെ സംസ്‌കരണ പ്ലാന്റിനുള്ള ടെന്‍ഡര്‍ നടപടികളും നടന്നു വരികയാണ്. ഇരു പ്ലാന്റുകളും അടുത്തടുത്തായി സ്ഥാപിക്കുന്നതോടെ ഇലക്ട്രോണിക് പാഴ് വസ്തുക്കളില്‍ നിന്നും വേര്‍തിരിക്കുന്ന കട്ടികൂടിയ പ്ലാസ്റ്റിക് ഭാഗങ്ങള്‍ പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ പ്ലാന്റില്‍ സംസ്‌കരിക്കുന്നതിന് സൗകര്യമാകും.

കിന്‍ഫ്ര പാര്‍ക്കിലെ തന്നെ രണ്ടേക്കര്‍ സ്ഥലത്താണ് ഇലക്ട്രോണിക് പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുന്നതിനായുള്ള പ്ലാന്റ് സ്ഥാപിക്കുക. കേടായതും ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണും കമ്പ്യൂട്ടറുകളും വീടുകളിലേയും ഓഫീസുകളിലേയും മറ്റു ഇലക്ട്രോണിക് പാഴ് വസ്തുക്കളും സംസ്ഥാനത്തിനകത്ത് തന്നെ സംസ്‌കരിക്കുന്നതിന് പുതിയ സംവിധാനത്തിലൂടെ വഴിയൊരുങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!