സംസ്ഥാനത്തിന്റെ എഎംആര്‍ പ്രതിരോധം ലോകോത്തര നിലവാരത്തില്‍

ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്. സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തല്‍സ്ഥിതി 2025 റിപ്പോര്‍ട്ടിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും ലോകോത്തര നിലവാരം പുലര്‍ത്തുന്നുവെന്നുമുള്ള വിലയിരുത്തല്‍. കേരളം എ.എം.ആര്‍. പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

രോഗാണുക്കള്‍ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ആഗോള ഭീഷണി മുന്നില്‍ കണ്ട് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും രാജ്യമെമ്പാടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിയ സിഎസ്ഇ മേധാവി സുനിതാ നാരായണ്‍ അഭിപ്രായപ്പെട്ടിരുന്നു. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകാത്ത അണുബാധകള്‍ കാരണം ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷംതോറും മരണമടഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭീഷണി ഇനിയുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എഎംആറിനെ പ്രതിരോധിക്കാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ അണുബാധകളുമായി എത്തിച്ചേരുന്നവരില്‍ എത്ര തോതില്‍ ആന്റിബയോട്ടിക് അതിജീവന ഭീഷണിയുണ്ട് എന്ന് തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആന്റിബയോട്ടിക് സ്റ്റുവര്‍ഡ്ഷിപ്പ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ആന്റി മൈക്രോബിയല്‍ അതിജീവനം ഉയര്‍ത്താന്‍ സാധ്യതയുള്ള ആന്റിബയോട്ടിക്കുകള്‍ (റിസര്‍വ്) അങ്ങനെ അല്ലാത്ത ആന്റിബയോട്ടിക്കുകള്‍ (ആക്‌സസ്, വാച്ച്) പരാജയപ്പെടുന്ന ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യവും ആശുപത്രികളില്‍ ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. ഉപയോഗിക്കപ്പെടുന്നത് താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. എല്ലാ പഞ്ചായത്തുകളേയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുന്നത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന ആഗോള ഭീഷണിയെ അഭിമുഖീകരിക്കാന്‍ രാജ്യത്തെ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് സി.എസ്.ഇ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top