Section

malabari-logo-mobile

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

HIGHLIGHTS : The state now has e-charters and a unique nickname

സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യക്തികളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്കു സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16നു വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കളക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഭൂമി സംബന്ധമായ വിവരങ്ങൾ ഭൂവുടമയുടെ സമ്മതത്തോടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച് സേവനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിനാണു പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആധാറുമായി ലങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ ലഭ്യമാകുന്ന ഒ.ടി.പി. ഉപയോഗിച്ച് ഓൺലൈനായോ വില്ലേജ് ഓഫിസിൽ നേരിട്ടെത്തി ഒ.ടി.പി. മുഖാന്തിരമോ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ ഇതു പരിശോധിച്ച് അംഗീകരിക്കുന്നമുറയ്ക്ക് യുണീക് തണ്ടപ്പേർ നമ്പർ ലഭിക്കും. ഘട്ടം ഘട്ടമായാകും ഇതു സംസ്ഥാനത്ത് നടപ്പാക്കുക.

sameeksha-malabarinews

പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഏതൊരു വ്യക്തിയുടേയും ഭൂമി വിവരങ്ങൾ ആധാർ അധിഷ്ഠിതമായി ഒറ്റ നമ്പറിൽ രേഖപ്പെടുത്തപ്പെടും. ഒരു ഭൂവുടമയ്ക്ക് സംസ്ഥാനത്തെ ഏതു വില്ലേജിലുള്ള ഭൂമി വിവരങ്ങൾ ഒറ്റ തണ്ടപ്പേരിൽ ലഭിക്കും. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവയ്ക്കുന്നതു തിരിച്ചറിയുന്നതിനും മിച്ചഭൂമി കണ്ടെത്തി ഭൂരഹിതർക്കു പതിച്ചു നൽകുന്നതിനും കഴിയും. ഭൂരേഖകളിൽ കൃത്യത കൈവരിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും സാധിക്കും.
പദ്ധതി നടപ്പാകുന്നതോടെ ഭൂമി സംബന്ധിച്ച ഇടപാടുകൾ സുഗമമാകുകയും ക്രയവിക്രയങ്ങൾ സുതാര്യമാകുകയും ചെയ്യും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കാനും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും കഴിയും. വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങൾ നേടാനാകില്ല. വിള ഇൻഷ്വറൻസിനും മറ്റു കാർഷിക സബ്സിഡികൾക്കും പ്രയോജനംചെയ്യും. റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കാൻ കഴിയും. ഗുണഭോക്താക്കൾക്കു മികച്ച ഓൺലൈൻ സേവനം പ്രദാനംചെയ്ത് വിവിധ സേവനങ്ങൾ വേഗത്തിലാക്കാനാകും. ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴുള്ള പേപ്പർ പട്ടയങ്ങൾക്കു പകരമായാകും ക്യുആർ കോഡും ഡിജിറ്റൽ സിഗ്‌നേച്ചറുമുള്ള ഇ-പട്ടയങ്ങൾ നൽകുകയെന്നു മന്ത്രി പറഞ്ഞു. പേപ്പർ പട്ടയങ്ങൾ നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട റവന്യൂ ഓഫിസിൽ പട്ടയ ഫയലുകൾ ഒരു പ്രത്യേക കാലയളവു മാത്രമേ സൂക്ഷിക്കാറുള്ളൂ. പട്ടയ രേഖകൾ കണ്ടെത്തി പകർപ്പ് ലഭിക്കാത്ത സാഹചര്യം വലിയ ബുദ്ധിമുട്ടുകൾക്കും പരാതികൾക്കും ഇടയാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് ഇ-പട്ടയങ്ങൾ നൽകുന്നത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി ഡിജിറ്റലായി നൽകുന്ന പട്ടയമാണിത്. നൽകുന്ന പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സൂക്ഷിക്കും.

ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയസർട്ടിഫിക്കറ്റുകളാണ് ആദ്യ ഘട്ടമായി ഇ-പട്ടയങ്ങളാക്കി നൽകുന്നത്. തിരൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് ഉണ്ണീൻകുട്ടിക്ക് സംസ്ഥാനത്തെ ആദ്യ ഇ-പട്ടയം നൽകി. ഇ-പട്ടയങ്ങൾ റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ പട്ടയം ലഭിച്ചശേഷം പോക്കുവരവുകൾ പ്രത്യേക അപേക്ഷയില്ലാതെ നടത്താനാകും. പട്ടയങ്ങളുടെ ആധികാരികത ക്യുആർ കോഡ് ഉപയോഗിച്ച് ഉറപ്പാക്കാമെന്നതിനാൽ വ്യാജ പട്ടയങ്ങൾ സൃഷിച്ചു നടത്തുന്ന തട്ടിപ്പുകൾ തടയാൻ കഴിയും. ഇവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വ്യക്തികൾക്കു നൽകിയിട്ടുള്ള പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കും. വീണ്ടും പട്ടയങ്ങൾക്ക് അപേക്ഷിക്കുന്നത് ഇതുവഴി ഒഴിവാക്കാൻ കഴിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ നാഴികക്കല്ലാണ് ഇ-പട്ടയങ്ങളെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്്, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!