ഭുവനേശ്വര്‍: മദ്യപിച്ച് ശല്യം ചെയ്തതിന് പിതാവ് വെയിലത്ത് കെട്ടിയിട്ട മകന്‍ മരിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മസിനബില്ല ഗ്രാമത്തിലെ പനുവ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഒഡിഷയിലെ മസിനബില ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ പതിവായി ശല്യമുണ്ടാക്കിയ മകന്‍ സുമന്തയുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്ത്‌നിര്‍ത്തുകയായിരുന്നു. കെട്ടിയിട്ട ശേഷം ഇയാള്‍ ജോലിക്ക് പോയി.
മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊരിവെയിലില്‍ കിടന്ന് മൂന്ന് മണിക്കൂറിന് ശേഷം സുമന്ത മരിച്ചെന്ന് ഘടഗാവ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ തപന്‍ കുമാര്‍ ജെന പറഞ്ഞു.
വഴിയോര ഭക്ഷണശാല നടത്തുന്നയാളാണ് പ്രതിയായ പനുവ.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ 40 വയസുകാരനായ മകന്‍ സുമന്തയാണ് മരിച്ചത്. താന്‍ ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്നും മകന്‍ പതിവായി മദ്യപിച്ച് ശല്യം ചെയ്യുന്നയാളാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.




