Section

malabari-logo-mobile

കാലവര്‍ഷം ഇന്നെത്തും ; താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് സര്‍ക്കാര്‍

HIGHLIGHTS : Heavy rain continues in the state

തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെ ജില്ലകളിലാണ് അതിശക്തമായ മഴ. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മഴ പെയ്യുന്നതിനാല്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും അടക്കം വലിയ വെള്ളക്കെട്ടുണ്ടായി. ദേശീയപാത ഉള്‍പ്പെടെ പല റോഡുകളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്.

കാലവര്‍ഷ സമാനമായ മഴയാണ് പെയ്യുന്നതെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് വ്യാഴാഴ്ച കാലവര്‍ഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ വര്‍ഷം കനത്ത മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെകൂടി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അപകട സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ വകുപ്പുകളും സുസജ്ജമാണ്. താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദേശീയ ദുരന്തപ്രതികരണ സേന (എന്‍ഡിആര്‍എഫ്)യുടെ രണ്ട് സംഘങ്ങള്‍ സംസ്ഥാനത്ത് സജ്ജമാണ്. അടുത്ത ദിവസങ്ങളിലായി ഏഴു സംഘങ്ങള്‍ കൂടി എത്തും.

sameeksha-malabarinews

നിലവില്‍ 42 ദുരിതാശ്വാസ ക്യാമ്പുകളിലായി 712 കുടുംബങ്ങളിലെ 2192 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി 3593 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 5,66,785 പേരെ താമസിപ്പിക്കാനാകും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) ആരോഗ്യവകുപ്പ് രൂപീകരിച്ചിട്ടുണ്ട്.

സാധാരണയില്‍നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയത്ത് ലഭിക്കുന്ന വലിയ മഴയാണ് പലയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നത്. മേഘ വിസ്ഫോടനങ്ങളും ലഘു മേഘ വിസ്ഫോടനങ്ങളുമാണ് ഇതിനു കാരണം. എറണാകുളം, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസം ഇത്തരം മഴയാണ് ലഭിച്ചത്. ബുധനാഴ്ച കളമശേരിയില്‍ ഒരു മണിക്കൂറില്‍ 60 മില്ലിമീറ്ററും പറവൂരില്‍ രണ്ടു മണിക്കൂറില്‍ 94 മില്ലിമീറ്ററും തിരുവനന്തപുരം നഗരത്തില്‍ ഒന്നര മണിക്കൂറില്‍ 52ഉം കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ അര മണിക്കൂറില്‍ 61ഉം മി.മീ. മഴയും ലഭിച്ചു. ബുധന്‍ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ പിറവത്ത് 200.2 മി.മീ. മഴയുണ്ടായി. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കളമശേരി, തീക്കോയി എന്നിവിടങ്ങളില്‍ 160 മി.മീറ്ററിലധികം മഴ ലഭിച്ചു.

വ്യാഴാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലയിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പല ജില്ലകളിലും ഓറഞ്ച് അലര്‍ട്ടായി മാറാനുള്ള സാധ്യതയുണ്ട്. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു. ഇതില്‍ തിരുവനന്തപുരം, കൊല്ലം ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ടായിരുന്നത് ബുധന്‍ ഉച്ചയോടെയാണ് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തിയത്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മീന്‍പിടിത്തം പാടില്ല. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രത പാലിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!