
പാലക്കാട് ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് പുലിയെ പിടിക്കാൻ ആകാതെ വനംവകുപ്പ്. ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് ഞായറാഴ്ചയാണ് പുലി കുട്ടികളെ കണ്ടെത്തിയത്.
പുലിയെ തിരികെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂട്ടിൽ വച്ച പുലികുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും കൂട്ടിൽ വെയ്ക്കും.
പുലിയെ തന്ത്രപൂർവ്വം കെണിയിൽ വീഴ്ത്താനായി സ്ഥാപിച്ച വലിയ കൂട്ടിലാണ് ഇന്നലെ രാത്രി പുലിക്കുട്ടികളെ വെച്ചത്. എന്നാൽ കെണിയിൽ കുടുങ്ങാതെയാണ് പുലി കുഞ്ഞിനെ കൊണ്ടു പോയത്. തള്ളപ്പുലിയെ പിടിക്കൂടി മൂന്നു പേരെയും ഉൾവനത്തിൽ വിടാനായിരുന്നു വനം വകുപ്പിന്റെ പദ്ധതി.
ഇന്ന് പുലർച്ചെ യാണ് തള്ളപ്പുലി എത്തിയത്. കൂടിനകത്ത് ഉണ്ടായിരുന്ന ഹാർഡ് ബോർഡ് പുറത്തേക്ക് വലിച്ചിട്ട് കുഞ്ഞിനെ എടുക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാനായി പുലി എത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ജനവാസ മേഖലയായതിനാൽ പുലിയെ പിടികൂടാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.




