ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല; നിലപാടുകളെ സ്വാഗതം ചെയ്തതാണ്; ആര്‍ക്കു മുന്നിലും വാതിലടച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിലെ തന്നെ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ നിന്ന് വ്യത്യസ്തമാണ്. കോണ്‍ഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ആ കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. സമീപ കാലത്ത് മുസ്ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമാണ്. ഗവര്‍ണറുടെ കാവിവത്കരണ നിലപാടിലും വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്കരിക്കുന്ന നിലപാടിലായാലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.

വര്‍ഗീയതക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപിടിച്ചുള്ള വലിയൊരു മൂവ്‌മെന്റ് ശക്തിപെടണമെന്നത് പാര്‍ട്ടി നിലപാടാണ്. അത് കേരളത്തിലെ ഇടതുമുന്നണിയല്ല. എല്ലാ വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുമാണത്. വര്‍ഗീയതയെ എതിര്‍ക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ യോജിപ്പാണത് ഉദ്ദേശിക്കുന്നത്. അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. വര്‍ഗീയതയെ എതിര്‍ക്കുന്ന ഒരു പൊതുപ്രസ്ഥാനമാണത്. ആ പോരാട്ടത്തില്‍ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ഇടപെടാന്‍ തയ്യാറാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പെടുക്കുകയാണ് ഉദ്ദേശമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആര്‍ക്കു മുന്നിലും ഇടതു മുന്നണി വാതില്‍ അടച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവര്‍ക്ക് സ്വാഗതം. മുസ്ലിം ലീഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നില്‍ കണ്ടല്ല അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top