Section

malabari-logo-mobile

വെളളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കും, തീയതി മാറ്റണമെന്ന് ലീഗും സമസ്തയും

HIGHLIGHTS : The League and Samasta want the date to be changed as Friday's polls will cause inconvenience to the faithful

തിരുവനന്തപുരം: വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പരാതി. വെളളിയാഴ്ചയിലെ പോളിംഗ് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീഗും സമസ്തയും. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രില്‍ 26ല്‍ നിന്നും മാറ്റണമെന്നാണ് സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയില്‍ അയച്ചു. ജുമാ നമസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത പറഞ്ഞു.

മുസ്ലിം ജീവനക്കാര്‍ക്കും ബൂത്ത് ഏജന്റ്മാര്‍ക്കും ജുമുഅ പ്രാര്‍ത്ഥനക്ക് തടസ്സമാകുമെന്നതിനാല്‍ ഏപ്രില്‍ 26ന് നടത്താന്‍ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

വെള്ളിയാഴ്ച പോളിംഗ് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച് മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരായ വിശ്വാസികള്‍ക്കും വെള്ളിയാഴ്ചയിലെ പോളിംഗ് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 3 മണിയോടെ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!