മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണവിലക്ക് ശരിവെച്ച് ഹൈക്കോടതി;ഹര്‍ജി തള്ളി

മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. മീഡിയാ വണ്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചാനലിന്റെ സംപ്രേഷണം തടഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനല്‍ സംപ്രേക്ഷണം വിലക്കിയതെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് വിലക്കിനു കാരണമായി പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് കോടതി വ്യക്തമാക്കി. ചാനലിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തിലേക്ക് നയിച്ച ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top