ലോകായുക്തയുടെ അധികാരം കവരുന്ന നിയമ ഭേദഗതിയുമായി സർക്കാർ. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭ അംഗീകാരം നൽകി. അംഗീകാരത്തിന് ഗവർണർക്ക് സമർപ്പിച്ചു. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്തക്ക് അധികാരം പേരിനുമാത്രം ആകും.
അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാര സ്ഥാനത്തിരിക്കാൻ യോഗ്യരല്ല എന്ന് വിധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധികാരി ഗവർണർ, മുഖ്യമന്ത്രി , സർക്കാർ ആരാണോ അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഈ വിധി ബന്ധപ്പെട്ട അധികാരി അംഗീകരിക്കണം എന്നാണ് വ്യവസ്ഥ. ഇതിൽ മാറ്റം വരുത്തി ഇത്തരം വിധിയിൽ അധികാരസ്ഥാനത്ത് ഉള്ള ആളിന് ഒരു ഹിയറിങ് കൂടി നടത്തി തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്നാണ് പുതിയ ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം ഇല്ലെങ്കിൽ വിധി അംഗീകരിക്കപ്പെട്ടത് ആയി കണക്കാക്കും.
പൊതു രംഗത്തുള്ളവരുടെ അഴിമതി അന്വേഷിക്കാനും
ഇതുസംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാൻ 1998 ൽ കേന്ദ്ര നിർദ്ദേശ പ്രകാരം സംസ്ഥാനങ്ങളിൽ ലോകായുക്ത സ്ഥാപിച്ചത്. ലോകായുക്തയ്ക്ക് അധികാരം ഉള്ളതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പ്രവർത്തകർക്കെതിരായ അഴിമതിയുടെ അന്വേഷണവും കുറ്റം തെളിഞ്ഞാൽ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരവും . പുതിയ ഭേദഗതിയോടെ ഈ അധികാരവും ലോകായുക്ത നഷ്ടമാകുകയാണ്.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന കെ ടി ജലീൽ ബന്ധു നിയമന കേസിൽ ലോകായുക്തയുടെ വിധി ഉണ്ടായിരുന്നു. ബന്ധുനിയമന കേസിൽ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത വിധിച്ചിരുന്നു. രാജി ഒഴിവാക്കാൻ ജലീൽ സുപ്രീം കോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. ഭേദഗതി വരുന്നതോടെ സമാന സാഹചര്യത്തിൽ ലോകായുക്തയുടെ വിധിയിൽ ഇനി മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ സർക്കാറിന് തീരുമാനമെടുക്കാൻ കഴിയും.




