കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന്

കൊച്ചി:  മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന്. കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ വിവേക്, നിതിന്‍, സുധി, ഇരയുടെ സുഹൃത്ത് ഡിംപിള്‍ എന്നീ പ്രതികളെ ഇവര്‍ എത്തിയ ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. രാവിലെ പതിനൊന്ന് മണിയോടെയായിരിക്കും ഇവരെ തെളിവെടുപ്പിനായി കൊണ്ടുവരിക.

അഞ്ചുദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എട്ട് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഫോണുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. നടന്നത് ക്രൂരമായ പീഡനമാണെന്നും തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

മോഡലിന് ആദ്യ രണ്ട് പ്രതികള്‍ ബാറില്‍ വച്ച് മദ്യം നല്‍കി. പിന്നീട് അബോധാവസ്ഥയിലായ യുവതിയെ ബാറിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടും യാത്രക്കിടയിലും പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തത് ഡിംപിളാണെന്നും ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top