Section

malabari-logo-mobile

‘മതമൈത്രി’യും ‘ജനമൈത്രി’യും ഒന്നിച്ചു; കൃഷ്ണന് വീടൊരുങ്ങുന്നു

HIGHLIGHTS : The dream of a home for a poor family

മലപ്പുറം: മതമൈത്രിയും അരീക്കോട് പൊലീസിന്റെ ജനമൈത്രിയും ഒന്നിച്ചപ്പോള്‍ പൂവണിയുന്നത് നിര്‍ധന കുടുംബത്തിന് വീടെന്ന സ്വപ്നം. അതിലേക്ക് വഴിയൊരുക്കിയത് ഒരു നായക്കുട്ടിയുടെ മരണവും. അരീക്കോട് ചെമ്പാപറമ്പിലെ കൃഷ്ണനും കുടുംബത്തിനുമാണ് നാട്ടുകാരുടെയും വിദേശത്തുള്ളവരുടെയും കൂട്ടായ്മയില്‍ വീടൊരുങ്ങുന്നത്.

അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുള്ളയുടെ കാറിടിച്ച് നായ ചത്തതില്‍നിന്നാണ് തുടക്കം. നന്മ ചാരിറ്റി പ്രവര്‍ത്തകര്‍ അപകടശേഷം നിര്‍ത്താതെപോയ വാഹന ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് അരീക്കോട് പൊലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ കാര്‍ ഉടമയെ കണ്ടെത്തി. സഹപ്രവര്‍ത്തകനോടൊപ്പം വാഹനത്തില്‍ ഇരിക്കുമ്പോള്‍ മാസ്‌ക് വയ്ക്കാത്തതിന് പിഴ അടയ്ക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് തിരിച്ചുപോകുംവഴിയായിരുന്നു അപകടം. നായയെ ഇടിച്ച വിവരം അബ്ദുള്ള അറിഞ്ഞിരുന്നില്ല.

sameeksha-malabarinews

നായയുടെ ജീവന്‍ നഷ്ടമായതിന് എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. അങ്ങനെയെങ്കില്‍ നിര്‍ധന കുടുംബത്തിനുള്ള വീടിന് മേല്‍ക്കൂര നിര്‍മിക്കാന്‍ ‘നന്മ’ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

കൃഷ്ണന്റെ ഓലമേഞ്ഞ വീട് കണ്ട് മനസ്സലിഞ്ഞ അബ്ദുള്ള വിദേശത്തുള്ള സുഹൃത്തുക്കളെ വിളിച്ചു. കോട്ടയത്തെ എബി മാത്യുവും പാലക്കാട്ടുകാരന്‍ സജിത് മേനോനും ഓരോ ലക്ഷം വീതം വാഗ്ദാനംചെയ്തു. ഗുജറാത്തിലെ അമിത്, ഹൈദരാബാദിലെ ഷെയ്ഖ് മസ്താന്‍ എന്നിവര്‍ അരലക്ഷം വീതം നല്‍കാമെന്നേറ്റു. തന്റെ വക ഒരു ലക്ഷവും ചേര്‍ത്ത് വീട് നിര്‍മിക്കാന്‍ അബ്ദുള്ള സന്നദ്ധത അറിയിച്ചു. അരീക്കോട് ജനമൈത്രി പൊലീസ് മേല്‍നോട്ടം ഏറ്റെടുത്തതോടെ വീടുപണി തുടങ്ങി. അരീക്കോട് സിഐ ഉമേഷിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹായം ഉറപ്പാക്കി. കോഴിക്കോട് ആസ്ഥാനമായുള്ള മാക് കണ്‍സ്ട്രക്ഷന്‍സ് തൊഴിലാളികളെ സൗജന്യമായി വിട്ടുനല്‍കി. കല്ലും സിമന്റുമൊക്കെ നല്‍കി പലരും സഹായിച്ചു.

വീടിന്റെ പടവ് പൂര്‍ത്തിയാകാറായി. കളിമണ്ണുകൊണ്ട് നിര്‍മിച്ച ഇടിഞ്ഞുവീഴാറായ വീട്ടില്‍ പ്ലാസ്റ്റിക് ഷീറ്റിന് കീഴിലാണ് കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും താമസം. നിനച്ചിരിക്കാതെ വീടെന്ന സ്വപ്നം വിരുന്നെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ”സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.

വീട് ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എല്ലാവരും സഹായിച്ചപ്പോള്‍ മക്കള്‍ക്ക് പേടിയില്ലാതെ കിടക്കാന്‍ ഒരിടമായി”കൃഷ്ണന്റെ ഭാര്യ ഷിഞ്ചു പറഞ്ഞു. ജനമൈത്രി പൊലീസിന്റെ മേല്‍നോട്ടത്തില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സിഐ ഉമേഷ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!