Section

malabari-logo-mobile

കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

HIGHLIGHTS : Ecuador beat Brazil in the quarter-finals

Photo: twitter.com/CopaAmerica

ഗോയിയാനിയ: കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. ബ്രസീലിനായി എഡെര്‍ മിലിട്ടാവോയും ഇക്വഡോറിനായി എയ്ഞ്ചല്‍ മിനയുമാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ നിന്നും ഒരു മത്സരം പോലും ജയിക്കാതെ മൂന്ന് സമനിലയും ഒരു തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായാണ് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടിയിരിക്കുന്നത്. അതേസമയം നാല് കളികളില്‍ നിന്നും 10 പോയിന്റുമായി ബ്രസീല്‍ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

നേരത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിട്ടുള്ള ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്ന് ഇക്വഡോറിനെതിരെ ഇറങ്ങിയത്. എന്നാല്‍ ഇക്വഡോറിന് ഇന്നത്തെ മത്സരത്തില്‍ ഒരു സമനിലയോ വിജയമോ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമായിരുന്നു. വലിയ അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ ടീമിനെ ഇന്നത്തെ മത്സരത്തില്‍ ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തില്‍ ഇക്വഡോര്‍ ആക്രമണ ശൈലിയാണ് ബ്രസീലിനെതിരെ പുറത്തെടുത്തത്. 10ആം മിനിട്ടില്‍ ഇക്വഡോറിന്റെ വലന്‍സിയ എടുത്ത ലോങ്റേഞ്ചര്‍ ബ്രസീല്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു. നാല് മിനിട്ടിനുള്ളില്‍ ബ്രസീലിന്റെ മറുപടിയും വന്നു. ബ്രസീലിന്റെ ലൂക്കാസ് പക്വേറ്റയുടെ ലോങ്റേഞ്ചര്‍ ശ്രമം ഇക്വഡോര്‍ ഗോള്‍കീപ്പര്‍ ഗലിന്‍ഡെസ് തട്ടിയകറ്റി.

sameeksha-malabarinews

16ആം മിനിട്ടില്‍ ഇക്വഡോറിന്റെ പ്രധാന താരങ്ങളിലൊരാളായ മോയ്സസ് കസീഡോ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. 37ആം മിനിട്ടില്‍ ബ്രസീല്‍ ഇക്വഡോറിന്റെ പ്രതിരോധ മതില്‍ തകര്‍ത്ത് മത്സരത്തില്‍ ലീഡെടുത്തു. പ്രതിരോധ നിര താരം എഡെര്‍ മിലിട്ടാവോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. എവര്‍ട്ടണ്‍ എടുത്ത ഫ്രീ കിക്കാണ് ബ്രസീലിന് ഗോളിന് വഴിയൊരുക്കിയത്. ബ്രസീലിനുവേണ്ടി മിലിട്ടാവോ നേടുന്ന ആദ്യ ഗോളാണിത്. ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ ബ്രസീലിനായി ഗോള്‍ നേടുന്ന ഒമ്പതാമത്തെ താരമായി മിലിട്ടാവോ മാറി.

ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ഇക്വഡോര്‍ രണ്ടാം പകുതിയില്‍ സമനില ഗോളിനായി തുടക്കം മുതലേ ആക്രമണം ശക്തമാക്കി. രണ്ടാം പകുതിയിലെ എട്ടാം മിനിട്ടില്‍ എയ്ഞ്ചല്‍ മിനയുടെ തകര്‍പ്പന്‍ ഗോളിലൂടെ ഇക്വഡോര്‍ ബ്രസീലിനൊപ്പമെത്തി. വലന്‍സിയയാണ് ഗോളിന് വഴിയൊരുക്കിയത്. 66ആം മിനിട്ടില്‍ ബ്രസീലിന് ലീഡ് പിടിക്കാനുള്ള ഒരു സുവര്‍ണാവസരം വിനീഷ്യസ് ജൂനിയര്‍ നഷ്ടപ്പെടുത്തി. 80ആം മിനിട്ടില്‍ ഇക്വഡോര്‍ നായകന്‍ വലന്‍സിയ പരിക്കേറ്റ് പുറത്തായി. അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ബ്രസീലിയന്‍ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും അവര്‍ക്ക് ഇക്വഡോര്‍ പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. അഞ്ച് മിനിട്ട് ഇഞ്ചുറി ടൈമിലും ഇരു ടീമുകളും സമനില പാലിക്കുകയായായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!