Section

malabari-logo-mobile

കലാ മാമാങ്കത്തിന് തിരശ്ശീല വീണു ; കേരള സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി

HIGHLIGHTS : The curtain has fallen on Kala Mamangam; An exciting conclusion to the Kerala School Arts Festival

അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും ശ്രദ്ധേയമായി. ചരിത്രത്തില്‍ പുതിയ ഏടുകള്‍ തീര്‍ത്താണ് സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയത്.

മുഴുവന്‍ വേദികളിലും സമയ ബന്ധിതമായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു.അപ്പീലുകളിലൂടെ എത്തിയ മത്സരാര്‍ത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

21 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും സ്വാഗത സംഘം ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും കലോത്സവം ആരംഭിക്കുന്നതിന് മുമ്പുതന്നെ നിറ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. പരാതികളുയരാത്ത തരത്തില്‍ മികച്ച രീതിയില്‍ കലോത്സവം സംഘടിപ്പിക്കാനായത് കമ്മിറ്റിയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കലാപ്രതിഭകളുടെ സുഗമമായ യാത്രയ്ക്കായി ഒരുക്കിയ കലോത്സവ വണ്ടികളുടെ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായാണ് ഇത്തരത്തിലൊരു പുത്തന്‍ ആശയം കൈകൊണ്ടത്. പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടോറിക്ഷ തൊഴിലാളികളുമെത്തിയതോടെ സംഭവം ഹിറ്റായി.

വേദികളുടെ പൂര്‍ണ്ണ നിയന്ത്രണം അധ്യാപികമാര്‍ക്ക് നല്‍കി കലോത്സവത്തില്‍ പുതുചരിത്രം രചിക്കാന്‍ കോഴിക്കോട് നടന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് സാധിച്ചു. സ്റ്റേജ് മാനേജ്‌മെന്റ്, ആങ്കറിംഗ് ഉള്‍പ്പെടെ 24 വേദികളിലും അവര്‍ നിറഞ്ഞു നിന്നു. ശില്‍പം, മണല്‍ ശില്പം, ഗിറ്റാര്‍ ആകൃതിയിലുള്ള കൊടിമരം, തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങളാണ് കലോത്സവം മുന്നോട്ട് വെച്ചത്.

ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് കലോത്സവം സംഘടിപ്പിച്ചത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കുടിവെളള വിതരണത്തിനായി മണ്‍കൂജകളാണ് ഒരുക്കിയത്. രാപ്പകലില്ലാതെ കോര്‍പ്പറേഷന്റെയും ഗ്രീന്‍ ബ്രിഗേഡിന്റെയും സേവനവും ലഭ്യമായിരുന്നു.

കലോത്സവം ആരംഭിച്ച ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ മുഴുവന്‍ വേദികളും ജനസാഗരമായ കാഴ്ചയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ഓരോ ദിവസവും കലോത്സവം കാണാന്‍ ഒഴുകിയെത്തിയത്. കലോത്സവത്തെ ജനങ്ങള്‍ ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്നതായിരുന്നു രാവിലെ മുതല്‍ രാത്രി വരെ വേദികളെല്ലാം ജനനിബിഡമായ കാഴ്ച. കലാ പ്രകടനങ്ങളുമായി മത്സരാര്‍ത്ഥികള്‍ വേദികള്‍ കീഴടക്കിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ അവ നെഞ്ചിലേറ്റിയത്.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. ദിനംപ്രതി 25000 ഓളം ആളുകളാണ് ഭക്ഷണത്തിനായി ചക്കരപന്തലിലെത്തിയത്. മെഡിക്കല്‍ സേവനങ്ങളുമായി ആരോഗ്യ വിഭാഗവും, പോലീസ്, ഫയര്‍ ഫോഴ്‌സ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, എന്‍.സി.സി, എസ്.പി.സി കേഡറ്റുകള്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ ടീം കേരള വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍മ്മ നിരതരായി എല്ലാ വേദികളിലുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!