Section

malabari-logo-mobile

നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ക്യൂറേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

HIGHLIGHTS : The curing activities of the Nila Heritage Museum are in progress

മലപ്പുറം: പൊന്നാനിയില്‍ ഭാരതപ്പുഴയുടെ തീരത്ത് നിര്‍മിക്കുന്ന നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ക്യൂറേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിളയുടെ സംസ്‌കാരത്തെയും സാഹിത്യ -സംസ്‌കാരിക ഇടങ്ങളെയും പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ മ്യൂസിയം ഒരുക്കുന്നത്. ഉത്ഭവം തൊട്ട് കടലില്‍ ഒഴുകിയെത്തുന്നതു വരെയുള്ള നിള നദിയുടെ യാത്ര, നദീതട സാംസ്‌കാരിക അനുഭവങ്ങള്‍, നിളയുടെ തീരത്തെ നവോത്ഥാനവും ദേശീയ പ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയ മുന്നേറ്റം, ശാസ്ത്രം, മിത്തുകള്‍ എന്നിവയാണ് മ്യൂസിയത്തിനുള്ളിലെ കാഴ്ച്ചകള്‍.
വിവിധ രാജ്യങ്ങളിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിച്ചിരുന്ന പൊന്നാനിയിലെ പാണ്ടികശാലയാണ് മ്യൂസിയത്തിലെ ആദ്യ കാഴ്ച. ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്‌കാരവും എഴുത്തച്ഛന്‍, സൈനുദ്ധീന്‍ മഖ്ദൂം, പൂന്താനം എന്നിവരുടെ സ്മരണയും ഇടശ്ശേരി, ഉറൂബ്, എം.ടി, എം. ഗോവിന്ദന്‍, അക്കിത്തം എന്നിവരുടെ സാഹിത്യ സംഭാവനകളും മ്യൂസിയത്തിലെ കാഴ്ചകളാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിനെയും മ്യൂസിയത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, സാമൂതിരി, വാസ്‌കോഡ ഗാമ എന്നിവരുടെ വരവ്, നിളാതീരത്തെ മാധവജ്യോതിഷം, തിരുന്നാവായ മാമാങ്കം, സര്‍വോദയ മേള, നാവിക ബന്ധങ്ങള്‍, കടല്‍ പാട്ടുകള്‍, പൊന്നാനിയുടെ സംഗീത പാരമ്പര്യം തുടങ്ങിയ സമഗ്രമായ ചരിത്രവും സംസ്‌കാരവും ഇവിടെ അടയാളപ്പെടുത്തുകയാണ്. ഗവേഷണത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് മ്യൂസിയം ഒരുക്കുന്നത്. ഡിജിറ്റല്‍ വിവരണങ്ങളും, വീഡിയോ വിവരണങ്ങളും തലക്കെട്ടുകളോടും കൂടിയാണ് എല്ലാ കാഴ്ചകളും.

ഡിജിറ്റല്‍ ലൈബ്രറിയും ചര്‍ച്ചകള്‍ക്കായി വിവിധ ഇടങ്ങളും പരിപാടികള്‍ അവതരിപ്പിക്കാനായി സ്റ്റേജും മറ്റു സംവിധാനങ്ങള്‍ അടങ്ങിയ ഹാളും മ്യൂസിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിക്കുന്നത്. 2016 ലാണ് നിര്‍മാണം ആരംഭിച്ചത്. രണ്ടേക്കറില്‍ 17,000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന മ്യൂസിയം ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മാണം. രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. കാഴ്ച പരിമിതര്‍ക്ക് സുഗമമായി നടക്കുന്നതിന് മാര്‍ഗദര്‍ശന ടാക്ട് ടൈലും നിലത്ത് പതിച്ചിട്ടുണ്ട്. ഓരോയിടത്തും തയ്യാറാക്കിയ കിയോസ്‌കുകളിലൂടെ കാഴ്ച പരിമിതര്‍ക്ക് മ്യൂസിയത്തിലെ കാര്യങ്ങള്‍ ഗ്രഹിക്കുവാനും ആസ്വദിക്കുവാനും കഴിയും. ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. ഊരാളുങ്കല്‍ ഡിസൈന്‍ സ്റ്റാറ്റര്‍ജി ലാബാണ് മ്യൂസിയത്തിലെ കാഴ്ചകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!