Section

malabari-logo-mobile

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഇന്ന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

HIGHLIGHTS : The Chief Minister will inaugurate the Thavanur Central Jail today

നിര്‍മാണം പൂര്‍ത്തിയായ തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം ഇന്ന്  രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാവും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യാതിഥിയാവും.
ഡോ.കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.എം.പി അബ്ദു സമദ് സമദാനി, എം.എല്‍.എമാരായ പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.നന്ദകുമാര്‍, കുറുക്കോളി മൊയ്തീന്‍ തുടങ്ങി വിവിധ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന്റെ 7.56 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. മറ്റ് മൂന്ന് ജയിലുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിര്‍മാണം. ‘യു’ ആകൃതിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ നിര്‍മിച്ചിരിക്കുന്നത്. 706 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്.
സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തെ സെന്‍ട്രല്‍ ജയിലാണിത് തവനൂരിലേത്. ഉദ്ഘാടനദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഉണ്ടാകും. രാവിലെ ഒന്‍പത് മുതല്‍ 10 വരെ ഒരു മണിക്കൂര്‍ സമയമാണ് ജയിലിന്റെ ഉള്‍വശം മുഴുവനായും സന്ദര്‍ശകര്‍ക്കായി സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഫോട്ടോ എടുക്കുന്നതിന് അനുവദിക്കില്ല. അതീവ സുരക്ഷാ മേഖലയായതിനാല്‍ ഉദ്ഘാടനത്തിനുശേഷം ജയിലിനുള്ളില്‍ സന്ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!