
പാലക്കാട് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിന് കാരണം കെഎസ്ആർടിസി ബസ് എന്ന് തോന്നിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പിന്നിലുണ്ടായിരുന്ന കാറിലെ ക്യാമിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ. ബൈക്കും ബസും ലോറിയെ മറികടക്കാൻ ശ്രമിക്കവെ ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടകാരണം. ബസ് തട്ടാതിരിക്കാൻ വെട്ടിച്ച ബൈക്ക് ലോറിയിൽ തട്ടിയ ശേഷം തിരികെ ബസ്സിനടിയിൽ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറി ഇറങ്ങുകയും ചെയ്തു. ഇടതു ഭാഗത്ത് സ്ഥലം ഉണ്ടായിട്ടും ബസ് മനപ്പൂർവ്വം വലത്തേക്കു വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
ദേശീയപാതയിൽ കുഴൽമന്ദം വെള്ളപ്പാറ സമീപം രാത്രിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ ആലത്തൂർ കാവശ്ശേരി സ്വദേശി ആദർശ്, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി സജിത്ത് എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വേഗതയിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടത്തിൽപെട്ടു എന്നായിരുന്നു ലഭിച്ചിരുന്ന വിവരം.
ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൻറെ യഥാർത്ഥ കാരണം അന്വേഷിച്ച് കെ എസ് ആർ ടി സി ഡ്രൈവറുടെ ഭാഗത്ത് പിഴവുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.




