പിരിവിനെന്ന വ്യാജേനെ വീട്ടില്‍ കയറി കുട്ടിയുടെ സ്വര്‍ണാഭരണം മോഷണം നടത്തിയ ആള്‍ പിടിയില്‍

പിരിവിനെന്ന വ്യാജേനെ വീട്ടില്‍ കയറി കുട്ടിയുടെ സ്വര്‍ണാഭരണം മോഷണം നടത്തിയ ആള്‍ പിടിയില്‍

മലപ്പുറം:മകളുടെ വിവാഹത്തിനായുള്ള പിരിവിനെന്ന വ്യാജേനെ വീടുകളില്‍ കയറി മോഷണം നടത്തിയ പ്രതി പിടിയില്‍. പാണ്ടിക്കാട് മുടിക്കോട് സ്വദേശിയായ മദാരിപ്പള്ളിയാലില്‍ അബ്ദുള്‍ അസീസാണ് പിടിയിലായത്.

കഴിഞ്ഞ അഞ്ചാം തിയ്യതി വൈലത്തൂരില്‍ മച്ചിങ്ങപ്പാറ എന്ന സ്ഥലത്തെത്തിയ ഇയാള്‍ മകളുടെ വിവാഹത്തിനാണെന്ന് പറഞ്ഞ് വീടുകളില്‍ കയറി പണപ്പിരിവ് നടത്തിയിരുന്നു. ഇതിനിടെ ഒരുവീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന വള, അരഞ്ഞാണം,ബ്രേസ് ലെറ്റ് എന്നിവ ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ കല്‍പ്പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി കെ ദാസ്, എസ്‌ഐ ഉണ്ണികൃഷ്ണന്‍, എഎസ്‌ഐ രവി, സിവില്‍പോലീസ് ഓഫീസര്‍ സലേഷ്, ഹബീബ്, രഞ്ജിത്ത്, താനൂര്‍ ഡിഎഎന്‍എഫ് ടീം അംഗങ്ങളായ അഭിമന്യു, സബറുദ്ദീന്‍,ജിനേഷ്, വിപിന്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തിനിടെ സമാനരീതിയില്‍ ആലുവയിലും കളവ് നടന്നതായി വിവരം ലഭിച്ചു. രണ്ടുസംഭവങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരേ വ്യക്തിതന്നെയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വയനാട്ടിലുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിക്കുന്നത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പ്രതിയെ മേപ്പാടിയില്‍ നിന്നും പിടികൂടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top