പട്ടാമ്പി: സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടതായി പരാതി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം സ്വദേശി സുന്ദരി(65)യുടെ മൃതദേഹമാണ് എലി കരണ്ടത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
മൃതദേഹം പിറ്റേദിവസം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ മുഖത്തെ മുറിവുകള്‍ ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആരാഞ്ഞു.അപ്പോഴാണ് എലി കരണ്ടതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചുമുറിച്ച നിലയിലായിരുന്നു.
സുന്ദരിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.




