പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇലന്തുകടവില്‍ ഉജ്ജ്വല സമാപനം

കോഴിക്കോട്:ഒരു മാസത്തോളം മലയോരമേഖലയ്ക്ക് ഉത്സവച്ഛായ പകര്‍ന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഇലന്തുകടവില്‍ ഉജ്ജ്വല സമാപനം.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തില്‍ ന്യൂസിലാണ്ടില്‍ നിന്നുള്ള മനു വിങ്ക് വാക്രനഗല്‍ റാപ്പിഡ് രാജയായും ജര്‍മ്മനിക്കാരി മരീസ കൗപ് റാപ്പിഡ് റാണിയുമായും തെരെഞ്ഞെടുക്കപ്പെട്ടു. ഇരുവരും 1,20,000 രൂപ വീതമുള്ള ചെക്ക് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളുവില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച ഇന്ത്യന്‍ പാഡ്‌ലര്‍ വനിത വിഭാഗത്തില്‍ നൈന അധികാരിയും (ഉത്തരാഖണ്ഡ്), പുരുഷ വിഭാഗത്തില്‍ അമിത് ഥാപ്പയുമാണ് (ഉത്തരാഖണ്ഡ്).

സമാപനം മന്ത്രി കേളു ഉദ്ഘാടനം ചെയ്തു. പൊതുവിടങ്ങളിലെ ശുചിത്വവും ആളുകളോടുള്ള പെരുമാറ്റവും വിനോദസഞ്ചാര മേഖലയില്‍ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘കാര്‍ഷിക സംസ്ഥാനമായ കേരളം കലാന്തരത്തില്‍ മാറിമറിഞ്ഞു വിനോദസഞ്ചാര മേഖലയില്‍ ആണ് ഇന്ന് നില്‍ക്കുന്നത്. നമ്മുടെ പ്രധാന തൊഴില്‍, വരുമാന മേഖലയായി വിനോദസഞ്ചാര മേഖല മാറി. വിനോദസഞ്ചാര പദ്ധതികളെ നന്നായി പ്രയോജനപ്പെടുത്താന്‍ കേരളത്തിന് സാധിക്കണം,’ മന്ത്രി പറഞ്ഞു.

സാഹസിക വിനോദസഞ്ചാരത്തിന്റെ മലബാര്‍ മേഖലയുടെ ഓഫീസായി പുലിക്കയത്തെ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രത്തെ മാറ്റുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. വരും നാളുകളില്‍ മലബാര്‍ റിവര്‍ ഫെസ്റ്റ് കൂടുതല്‍ വിപുലമായി നടത്താനുള്ള പരിപാടികളുമായി മുന്നോട്ട് പോകും.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി ടി ബാബു,
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി പുളിക്കാട്ട്, കെ ഡി ആന്റണി, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്)
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ് സ്വാഗതവും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍ നന്ദിയും പറഞ്ഞു.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെഎടിപിഎസ്, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യന്‍ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ജൂലൈ 25 മുതല്‍ നാല് നാള്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടന്നത്. ചാലിപ്പുഴയ്ക്കും ഇരുവഞ്ഞിക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീന്‍തുള്ളിപ്പാറയും കയാക്കിങ്ങിന് വേദിയായി.

സ്വദേശികള്‍ക്ക് പുറമെ, ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള 15 അന്താരാഷ്ട്ര കയാക്കര്‍മാരാണ് മലബാര്‍ റിവര്‍ ഫെസ്റ്റില്‍ തുഴയെറിഞ്ഞത്.

ഒരു മാസം മുന്‍പ് തുടങ്ങിയ പ്രീ-ഇവെന്റുകള്‍ 8 ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമായി സജീവ ജനപങ്കാളിത്തത്തോടെ നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top