
മാരാരിക്കുളം: കാര്‍ തെങ്ങില്‍ ഇടിച്ച് സമീപത്തെ വീട്ടിലേക്കുമറിഞ്ഞ് ഡിവൈഎഫ്ഐ നേതാവും സുഹൃത്തും മരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ മാരാരിക്കുളം തെക്ക് എല്‍ജി നിവാസില്‍ എം രജീഷ് (32) അയല്‍വാസിയും സുഹൃത്തുമായ കരോട്ടുവെളി അനന്തു (29) എന്നിവരാണ് മരിച്ചത്. സമീപവാസികളും സുഹൃത്തുക്കളുമായ പീലിക്കകത്തുവെളി അഖില്‍ (27), കരോട്ടുവെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒമ്പതോടെ പ്രീതികുളങ്ങര തെക്കാണ് അപകടം. രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ വളവില്‍ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി തെങ്ങിലിടിച്ച് സമീപത്തെ വീട്ടിലേക്ക് മറിയുകയായിരുന്നു. മാരാരിക്കുളം തെക്ക് ദ്വാരക തോട്ടുചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് മറിഞ്ഞത്. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗവും സിപിഐ എം വളവനാട് ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയാണ്. അച്ഛന്‍: മണിയപ്പന്‍. അമ്മ: ഓമന. സഹോദരി: റാണി. അനന്തു കയര്‍ഫെഡ് ജീവനക്കാരനാണ്. അമ്മ: ബീന. സഹോദരന്‍: അര്‍ജുന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



