ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ പുതുതായി നിര്‍മിക്കുന്ന റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ പുതുതായി നിര്‍മ്മിച്ച കോട്ടണ്‍, ബ്ലെന്‍ഡഡ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ വ്യവസായ മന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി വിപണിയില്‍ അവതരിപ്പിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ അവതരിപ്പിച്ചത്. കണ്ണൂരിലെ പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് വീവിങ് മില്‍സ്, ആലപ്പുഴ കോമളപുരത്ത് പ്രവര്‍ത്തിക്കുന്ന കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിംഗ് മില്‍സ് എന്നിവിടങ്ങളില്‍ ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഈ സ്ഥാപനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഷര്‍ട്ടുകള്‍ ‘ഗ്രീന്‍ ഫീല്‍ഡ്സ്’ എന്ന ബ്രാന്‍ഡ് നെയിമിലാണ് വിപണിയിലെത്തുന്നത്. നൂല്‍ ഉത്പാദനത്തില്‍ മാത്രം കേന്ദ്രീകൃതമായിരുന്ന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഈ സര്‍ക്കാറിന്റെ ഭരണക്കാലയളവില്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ മാസ്‌കുകളും, ബെഡ്ഷീറ്റുകളും, യൂണിഫോം തുണിത്തരങ്ങളും വിപണിയില്‍ എത്തിച്ചതിന് പുറമേ ‘ഗ്രീന്‍ ഫീല്‍ഡ്സ്’ എന്ന ബ്രാന്‍ഡ് ഷര്‍ട്ടുകളും ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നതായി വ്യവസായ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി 10.50 കോടി രൂപയുടെ അടിയന്തിര സഹായം നല്‍കിയതായും മാസ്റ്റര്‍ പ്ലാന്‍ വഴി ടെക്സ്റ്റൈല്‍ മേഖലയെ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഉന്നത ഗുണനിലവാരത്തില്‍ വിവിധ ശ്രേണികളിലായി തയ്യാര്‍ ചെയ്യുന്ന ഷര്‍ട്ടുകള്‍ 600 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി. ആര്‍. വത്സന്‍ പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ അരുണാചലം സുകുമാര്‍, ജനറല്‍ മാനേജര്‍ വി ആര്‍ ഹോബി, ടെക്സ്റ്റൈല്‍ ഐ.ആര്‍.സി മെമ്പര്‍ കെ.എന്‍. ഗോപിനാഥ്, മറ്റു ഉദ്യോഗസ്ഥര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top