Section

malabari-logo-mobile

താനൂര്‍ കസ്റ്റഡികൊല ; മലപ്പുറത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടതുണ്ട്

HIGHLIGHTS : thamir jifri murder case: what is happeing ?

മലപ്പുറം; താനൂരിലെ കസ്റ്റഡി കൊലയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വെളിവാകുന്നത് പോലീസ് സംവിധാനം എത്രത്തോളും ജനവിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതുമാണെന്നതുമാണ്. താനൂര്‍ കസ്റ്റഡി മരണത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളുടെ ഫോണ്‍ കാളുകളുടെ വിവരങ്ങളും, താനൂര്‍ എസ്‌ഐ കൃഷ്ണലാലിന്റെ വെളിപ്പെടുത്തലും ഇന്ന് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. പോലീസ് സംവിധാനം തങ്ങളുടെ അധികാരം ദുരുപയോഗപ്പെടുത്തി, തങ്ങളുടെ മുന്നിലെത്തുന്ന പ്രതികളോ അല്ലത്തവരോ ആയ സിവിലിയന്‍മാരെ കൈകാര്യം ചെയ്യുന്ന നിയമവിരുദ്ധമായ രീതികള്‍ക്ക് ഉത്തമ ഉദാഹരണമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഈ കസ്റ്റഡി മരണത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ താമിര്‍ ജിഫ്രിയെ എസ് പിയുടെ പ്രത്യേക ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ആയ ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുക്കുന്നത് ജുലൈ 31ന് തേഞ്ഞിപ്പലം സ്റ്റേഷന്‍ പരിധിയിലുള്ള ചേളാരിയില്‍ നിന്നാണ്. ഇവിടെ നിന്ന് 12 പേരെയാണ് ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്. തേഞ്ഞിപ്പലം സ്റ്റേഷന്‍ ആകട്ടെ കുണ്ടോട്ടി ഡിവൈഎസ്പിയുടെ പരിധിയിലുള്ള സബ് ഡിവിഷനിലാണ്. എന്നാല്‍ ഇവിടെ നിന്ന് തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധികള്‍ കടന്ന് താനൂര്‍ സബ് ഡിവിഷന് കീഴിലുള്ള താനൂര്‍ സ്റ്റേഷനിലേക്ക് ഡാന്‍സാഫ് സംഘം രാത്രി 9 മണിയോടെ കസ്റ്റഡിയില്‍ എടുത്തവരെ എത്തിക്കുന്നത്. ഈ യുവാക്കളെ സ്‌റ്റേഷനില്‍ കയറ്റാതെ ് പിറകിലുള്ള ക്വാര്‍ട്ടേഴ്‌സിലെത്തിക്കുകയും ക്രൂരമായ മര്‍ദ്ധനത്തിന് ഇടയാക്കുകുയും ചെയ്തുവെന്ന് താമിര്‍ ജിഫ്രിക്കൊപ്പമുണ്ടായിരുന്നവര്‍ പറയുന്നത് .

sameeksha-malabarinews

പിന്നീട് രാത്രി 12 മണിയോടെ താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തില്‍ താമിര്‍ ജിഫ്രിയടക്കമുള്ള 5 പേരെ എത്തിച്ച് ഇവിടെ വെച്ച് ഇവരെ പിടികൂടുന്നതായി പുനരാവിഷക്കരിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച താമിര്‍ ജിഫ്രി സ്റ്റേഷനില്‍ വെച്ച് നാലുമണിയോടെ കുഴഞ്ഞുവീണതോടെയാണ് പോലീസ് ഇവരെ താനൂരിലെ അജിനോര്‍ ആശുപത്രിയിലെത്തിക്കുകയും അപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തത്. പോലീസ് കസ്റ്റഡില്‍ എടുത്ത സമയത്തും, അറസ്റ്റ് രേഖപ്പെടുത്തിയിട്ടും താമിര്‍ ജിഫ്രിയെ സുഖമില്ലെന്ന് പറഞ്ഞിട്ട് ആശുപത്രിയിലെത്തിച്ചില്ല എന്ന് നേരത്തെ താമിര്‍ ജിഫ്രിക്കൊപ്പമുണ്ടായിരുന്നവര്‍ വെളിപ്പെടുത്തിരുന്നു. ഇത് ശരി വെക്കുന്നതാണ് ഇപ്പോള്‍ എസ് ഐ കൃഷ്ണലാല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മുന്നില്‍ നടത്തിയ വെളിപ്പെടുത്തലും.

ഇതിലെല്ലാം വളരെ വ്യക്തമാകുന്നത് ഈ കേസില്‍ പോലീസ് നടത്തിയ നഗ്നമായ നിയമലംഘനങ്ങളുടെ പരമ്പരയാണ്. നേരത്തെ തന്നെ താനൂര്‍ എസ്എച്ചഒ ഷെഹന്‍ഷാ ഐപിഎസ്. ഡാന്‍സാഫുകാര്‍ ഒരു കൊമേഴ്‌സല്‍ ക്വാണ്ടിറ്റി നര്‍ക്കോട്ടിക് കേസ് കൊണ്ടുവരുമെന്ന് അത് താനൂരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തന്നോട് പറഞ്ഞതായുള്ള എസ്‌ഐ കൃഷ്ണലാലിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ നിന്നും വ്യക്തമാകുന്നത്  ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക്  ഈ കസ്റ്റഡിയില്‍ എടുക്കലിനെ കുറിച്ച് അറിയാമായിരുന്നു എന്നാണ്. കുണ്ടോട്ടി ഡിവൈഎസ്പിക്ക് കീഴിലുള്ള ഒരു സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മയക്കുമരുന്നുമായി പിടിയിലായവരെ താനൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള മറ്റൊരു സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ഉന്നതരുടെ അറിവോടെയല്ലാതെ കഴിയില്ല. ഇവിടെ പ്രാഥമികമായി എവിടെ നിന്നാണോ ക്രൈം നടന്നത് ആ പരിധിയില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന പ്രാഥമിക നിയമം പോലും ലംഘിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത് മറ്റുള്ളവരെ കുറിച്ച് പോലീസിന് ഇപ്പോളും ഒന്നും പറയാനാകുന്നില്ല. താമിര്‍ ജിഫ്രി മരിച്ചതിന് ശേഷം ഈ കൊലക്ക് ഉത്തരവാദികളായവരെ സംരക്ഷിക്കാനുള്ള നീതിരഹിതമായ നീക്കങ്ങളാണ് ഉന്നതപോലീസ് നടത്തിയതെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍. നിയമവിരുദ്ധമായ ഈ കസ്റ്റഡിക്ക്  എസ്പി അടക്കമുള്ളവര്‍ കൂട്ടുനിന്നവരാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ഗൗരവതരമായ ആരോപണം.

ഡാന്‍സാഫ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ പോലീസ് സേനക്ക് അകത്തും പുറത്തും ഉയര്‍ന്നുവന്നിരുന്നു. അനധികൃത കസ്റ്റഡി പാടില്ല എന്ന് പറയുമ്പോള്‍ തന്നെ എസ്പിയുടെ ഡാന്‍സാഫ് സംഘം പലപ്പോഴും കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനില്‍ പാര്‍പ്പിക്കാറുണ്ടെന്ന ആക്ഷേപവുമുണ്ട്. ഇത് ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയോം നിയമപരമായി സ്റ്റേഷനില്‍ രേഖപ്പെടുത്തണമെന്ന് ആവിശ്യപ്പെടുകയോ ചെയ്താല്‍ ഇത്തരം ഉദ്യോഗസ്ഥരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം വേട്ടയാടുന്നത് പതിവാണെന്ന ആക്ഷേപവും ഉണ്ട്. നിയമപരമായി കേസകള്‍ കണ്ടെത്താതെ കുറുക്കുവഴികള്‍ തേടുന്നവരായി ഡാന്‍സാഫുകാര്‍ മാറിയെന്നും, മലപ്പുറത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്നുമുള്ള ആക്ഷേപങ്ങള്‍ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതത്.

കുറച്ച് കാലമായി മലപ്പുറത്ത് പോലീസിന്റെ നടപടികള്‍ കടുത്തവിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലുണ്ടായിരുന്ന മര്‍ദ്ധകവീരന്‍മാരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എസ്പി തന്നെ സംരക്ഷണം നല്‍കുന്നവെന്ന ആക്ഷേപം നിരവധി കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. അന്നൊക്കെ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ
സര്‍ക്കാര്‍ ഒരു നടപടിയും  സ്വീകരിച്ചിട്ടില്ല.

മലപ്പുറത്ത് കേസുകളുടെ എണ്ണം പൊലിപ്പിച്ച് കാണിക്കുന്നതിന്റെ പിറകില്‍ മറ്റ് രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന ഗൗരവതരമായ ആരോപണവുമായി എംഎസ്ഫ് നേതൃത്വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ തന്നെ സംസ്ഥാനത്ത് ലോക്കപ്പ് മര്‍ദ്ധനവും, നിയമവിരുദ്ധ കസ്റ്റഡിയും അനുവദിക്കില്ല എന്ന് പറയുമ്പോളും, ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറാകാത്ത നിരവധി ഉദ്യോഗസ്ഥര്‍ പോലീസ് സേനക്കുള്ളില്‍ തന്നെയുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!