Section

malabari-logo-mobile

ഒഴൂര്‍ പഞ്ചായത്തില്‍ മുസ്ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

HIGHLIGHTS : താനൂര്‍:ഒഴൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്ന...

താനൂര്‍:ഒഴൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു പരാജയം. എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസപ്രമേയ യോഗത്തില്‍ നിന്നും വിട്ടുനിന്നു. പ്രസിഡന്റായി കെ വി പ്രജിതയും, വൈസ് പ്രസിഡന്റായി അഷ്‌കര്‍ കോറാടും തുടരും.
താനൂര്‍ ബിഡിഒ പി ബാബുവിന് ആഗസ്റ്റ് 21നാണ് മുസ്ലിം ലീഗ് അംഗങ്ങള്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ശനിയാഴ്ച രാവിലെ11ന് പ്രസിഡന്റിനെതിരെയും, ഉച്ചയ്ക്കുശേഷം 2ന് വൈസ് പ്രസിഡന്റിനെതിരെയുമായിരുന്നു പ്രമേയ യോഗം നടന്നത്. ഇരു യോഗവും പരാജയപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ സീറ്റ് വിഭജനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഒഴൂരില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നത്. തുടര്‍ന്ന് രണ്ട് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ജനകീയ മുന്നണിയില്‍ ചേര്‍ന്ന് ലീഗിനെതിരെ മത്സരിച്ച് ജയിച്ചു. ഇവരുടെ പിന്തുണയും എട്ട് എല്‍ഡിഎഫ് അംഗങ്ങളും ചേര്‍ന്നാണ് ഭരണം നടത്തിയത്.
നിയമസഭ – ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനം നിലവില്‍ വന്നെങ്കിലും രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ചില്ല. മുസ്ലിം ലീഗ്-കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് അംഗം മണ്ണില്‍ സൈതലവി ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് യുഡിഎഫിന് ഒപ്പം നിന്നു. അതേസമയം മറ്റൊരു കോണ്‍ഗ്രസ് അംഗമായ തറമ്മല്‍ ബാവു ആരോഗ്യപരമായ കാരണങ്ങളാല്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഇതോടെ ഭൂരിപക്ഷത്തിന് വേണ്ട 10 അംഗങ്ങളെ തികയ്ക്കാന്‍ ലീഗിന് കഴിഞ്ഞില്ല.

അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പുല്‍പ്പറമ്പില്‍ ആഹ്ലാദ പ്രകടനം നടത്തി. സിപിഐ എം താനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണന്‍ ചുള്ളിയത്ത്, കെ ടി എസ് ബാബു, അഷ്‌കര്‍ കോറാട്, ലോക്കല്‍ സെക്രട്ടറി സി കെ ജനാര്‍ദ്ദനന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത കെ പി ഷാജി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!