താനൂര്‍: അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാക്കി (റഫീക്ക്-35)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.
അഞ്ചുടി കുപ്പന്റെ പുരക്കല്‍ ത്വാഹ എന്ന താഹമോന്‍ (22), കുപ്പന്റെ പുരക്കല്‍ അബ്ദുല്‍ മുഈസ് (25), വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ് (24) എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇന്നു രാവിലെയാണ് താനൂര്‍ സി.ഐ ജസ്റ്റിന്‍ ജോണിന്റെ നേതൃതത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. തിരൂര്‍ ഡിവൈ.എസ്.പി സുരേഷ്ബാബു, താനൂര്‍ സി.ഐ ജസ്റ്റിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ സി.പി.എം നേതാവ് ഷംസുവിനെ ആക്രമിക്കാന്‍ ഒത്താശ ചെയ്തതിനാണ് ഇസ്ഹാക്കിനെ ആക്രമിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇവരെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ഇസ്ഹാക്കിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.




