താനൂര്‍ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച രണ്ട് വാളുകള്‍ കണ്ടെടുത്തു

താനൂര്‍: അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് വാളുകള്‍ കണ്ടെടുത്തു. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് കുണ്ടുങ്ങലില്‍ നിന്ന് വാളുകള്‍ കണ്ടെടുത്തത്. പ്രദേശത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ ശേഷം കനോലികനാലിനു മുകളിലെ പാലം വഴി രക്ഷപ്പെട്ട് ഇവിടെയെത്തി ആയുധങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇന്നലെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കിയ അഞ്ചുടി കുപ്പന്റെ പുരക്കല്‍ ത്വാഹ എന്ന താഹമോന്‍, കുപ്പന്റെ പുരക്കല്‍ അബ്ദുല്‍ മുഈസ്, വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ് എന്നിരുമായാണ് താനൂര്‍ സി.ഐ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് കുണ്ടുങ്ങലില്‍ തെളിവെടുപ്പിനായി എത്തിയത്. മുഈസാണ് ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം കാണിച്ചു നല്‍കിയത്. തുടര്‍ന്ന് ഇവിടെ പരിശോധന നടത്തി ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. മുഈസ് ഒഴികെയുള്ള മറ്റ് പ്രതികളെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല.

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നതറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. പ്രദേശത്ത് തടിച്ചു കൂടിയ നാട്ടുകാരെ പൊലീസ് ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്.
മൂന്നു ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top