താനൂരില്‍ മത്സ്യ ബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു;ഒരാളെ കാണാതായി.

Tanur accident 2താനൂര്‍: താനൂര്‍ ഒട്ടുംപുറത്ത് തീരത്തിനടുത്ത് മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചും. ഒരാളെ കാണാതായി. ഇന്ന് രാവിലെ 9.30 മണിയോടെ പൂരപ്പുഴയില്‍  നിന്ന് പുറപ്പെട്ട വള്ളമാണ് ശക്തമായ തിരമാലകളില്‍പ്പെട്ട് മണല്‍തിട്ടയിലിടിച്ച് മറിഞ്ഞത്. അപകടത്തില്‍ ആലപ്പുഴ കലവൂര്‍ പള്ളുരുത്തിയില്‍ ഫസ്‌ക്കറിന്റെ മകന്‍ ബെന്നി(48) മരണപ്പെട്ടു.  കടലിലേക്ക് തെറിച്ചുവീണ താനൂര്‍ ഒട്ടുംപുറം സ്വദേശി അണ്ടിപ്പാട്ട് ഇസ്മയിലിന്റെ മകന്‍ യൂസഫ്(28)നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. താനൂര്‍ ഒട്ടുംപുറം സ്വദേശി അപ്പു എന്ന ശ്യംകുമാര്‍(27), ആലപ്പുഴ സ്വദേശികളായ ഫ്രാന്‍സിസ്, ജോസഫ് എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അപകടത്തില്‍പ്പെട്ട വള്ളത്തിന്റെ ഒരുഭാഗം തിരമാലയില്‍പ്പെട്ട് ഉയര്‍ന്നതോടെ എഞ്ചിന്‍ നിയന്ത്രിച്ചിരുന്ന ബെന്നി കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട വള്ളത്തെ മറ്റൊരു കൂറ്റന്‍ തിരമാല മറിച്ചിട്ടു. ബെന്നിക്കും യൂസഫിനും കരയ്ക്ക് കയറിയ അപ്പു റോപ്പും കന്നാസുകളും എറിഞ്ഞുകൊടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. അപ്പു തൊട്ടടുത്തുള്ള വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് സ്ഥലത്തെത്തിയ തീരദേശ പോലീസിന്റെയും തുറമുഖ വകുപ്പിന്റെയും  ബോട്ടുകളുടെ സഹായത്തോടെ മത്സയത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിനൊടുവിന്‍ മൂന്നരമണിക്കൂറിന് ശേഷം ബെന്നിയുടെ മൃതദേഹം തീരത്തുനിന്നു തന്നെ കണ്ടെത്തുകയായിരുന്നു. യൂസഫിനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

സ്ഥലം എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണ് രക്ഷാപ്പരവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ്. വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്, മുന്‍മന്ത്രി കെ കുട്ടി അഹമ്മദ്കുട്ടി,മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ഒരു ടൂറിസ്റ്റ് മേഖലകൂടിയായ പൂരപ്പുഴ അഴിമുഖത്തിന്റെ ഇരുകരകളിലൂമായി മുപ്പതോളം ജീവനുകള്‍ ഇതുവരെ പൊലിഞ്ഞിട്ടുണ്ട്.

പെരുന്നാളടുത്തിട്ടും തീരദേശത്ത് തുടരുന്ന കടുത്ത വറുതിയാണ് ഈ പ്രതികൂല കാലാവസ്ഥയിലും മത്സ്യത്തൊഴിലാളികളെ കടലിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

ഫോട്ടോ ഷൈന്‍ താനൂര്‍

Share news
error: Content is protected !!
Scroll to Top