Section

malabari-logo-mobile

സ്മാരകങ്ങളില്ലാത്ത ‘രക്തസാക്ഷി’ ഇന്നും ജീവിക്കുന്നു.

HIGHLIGHTS : താനൂര്‍: ::ടി ദാമോദരന്‍ മാഷ് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മുട്ടി അഭിനയിച്ച് സുപ്പര്‍ ഹിറ്റായ ചിത്രമാണ് 1921.

Umaithanakath Kunjhi Kader (1) copyതാനൂര്‍: ::ടി ദാമോദരന്‍ മാഷ് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മുട്ടി അഭിനയിച്ച് സുപ്പര്‍ ഹിറ്റായ ചിത്രമാണ് 1921. ആ ചിത്രത്തിലെ ധീരപോരാളിയായ ‘നായിക്ക് ഖാദര്‍’ എന്ന കഥാപാത്രസൃഷ്ടിക്ക് കാരണമായത് മലബാറിലെ ജീവിച്ചിരുന്ന ഒരു സ്വാതന്ത്രസമരസേനാനിയാണെന്ന് പറഞ്ഞാല്‍ അവിശ്വസനീയമായി കരുതാം. പക്ഷേ സത്യം മറിച്ചാണ്.

ഉമൈത്താനകത്ത് പുത്തന്‍ വീട്ടില്‍ കുഞ്ഞിക്കാദര്‍ ഖിലാഫത്ത് പ്രസ്ത്താനത്തിന്റെ പോരാളിയായിരുന്നു. മലബാര്‍ കലാപത്തിലെ സമാനതകളില്ലാത്ത വീരപോരാളിയടെ സമരചരിത്രം പുതു തലമുറക്ക് ആവേശം പകരുന്നതാണ്. ജയില്‍ രേഖകള്‍ പ്രകാരം കുഞ്ഞിക്കാദറിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയിട്ട് 2014 ഫെബ്രുവരി 20 ന് 93 വര്‍ഷം പൂര്‍ത്തിയാകും. തൂക്കിലേറ്റപ്പെടുന്നതിന്റെ തലേദിവസം അന്ത്യാഭിലാഷം ചോദിച്ച വെള്ളക്കാരോട് കുഞ്ഞിക്കാദര്‍ നല്‍കിയ മറുപടി ‘ഇന്ത്യയുടെ സ്വാതന്ത്യം’ എന്നായിരുന്നു. പില്‍ക്കാലത്ത് എഴുത്തുകാര്‍ പറഞ്ഞു; ”കുഞ്ഞിക്കാദറിനെ പോലെ ഒരാണ്‍തരിയെ മലബാറിലെ ഒരമ്മയും പ്രസവിച്ചിട്ടില്ലെന്ന്” എന്നാല്‍ കുഞ്ഞിക്കാദര്‍ സാഹിബിന്റെ സ്മരണക്ക് ഇപ്പോഴുള്ളത് ജനിച്ച് വളര്‍ന്ന തറവാട് മാത്രം.

sameeksha-malabarinews

Umaithanakath Kunjhi Kader copy

1881 ലാണ് അബ്ദുറഹിമാന്‍ സാഹിബിന്റെയും ആയിഷകുട്ടിയുടെയും മകനായി താനൂരില്‍ കുഞ്ഞിക്കാദര്‍ ജനിച്ചത്. തമിഴ്, അറബി, ഉറുദു ഭാഷകളില്‍ അഗാധ പാണ്ഡിത്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന് നിലകൊണ്ട നേതാവായിരുന്നു ഇദ്ദേഹം. ഇമിവളപ്പില്‍ കുഞ്ഞിമുസ്‌ലിയാരുടെ പീടിക കുത്തിത്തുറന്ന് സാധനങ്ങള്‍ പുറത്ത് വലിച്ചിട്ട ബ്രിട്ടീഷുകാര്‍ ഈ കൊള്ള നടത്തിയത് ഹിന്ദുക്കളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യഥാശ്രമം നടത്തി. ഈ നീക്കത്തെ നേരിടാന്‍ കുഞ്ഞിക്കാദറിന് കഴിഞ്ഞു. ഇത്തരം ഉപജാപങ്ങള്‍ക്ക് എതിരെ അദ്ദേഹം ജനങ്ങളെ ഉണര്‍ത്തി. ഈ പ്രവര്‍ത്തനങ്ങളെല്ലാം വെള്ളക്കാരന് തീരാ തലവേദനയായി .

ഒടുവില്‍ 1921 ആഗസ്റ്റ് 19ാം തിയ്യതി തിരൂരങ്ങാടി പള്ളി വളഞ്ഞ് പള്ളിയും പരിസരത്തുള്ള വീടുകളും പരിശോധിച്ച് ഖിലാഫത്തുകാരെ അറസ്റ്റ് ചെയ്യാന്‍ പേലീസ് മേധാവികളും കലക്ടറും ശ്രമിച്ചു. ഇത് പരാജയപ്പെട്ടപ്പോള്‍ തിരൂരങ്ങാടി പള്ളിയും മമ്പുറം ജാറവും പട്ടാളം നിലം പരിശയാക്കിയെന്ന കള്ളക്കഥ വെള്ളക്കാര്‍ പ്രചരിപ്പിച്ചു. നിജസ്ഥിതിയറിയാന്‍ സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് ഖിലാഫത്ത് പ്രവര്‍ത്തകര്‍ ആയുധങ്ങളുമേന്തി തിരൂരങ്ങാടിയിലേക്ക് പ്രവഹിച്ചു. താനൂരില്‍ നിന്ന് കുഞ്ഞിക്കാദറിന്റെ നേതൃത്വത്തില്‍ നാലായിരത്തോളം പേരാണ് ഇവിടേക്ക് പുറപ്പെട്ടത്. പൂരപ്പുഴ നീന്തിക്കടന്ന് പന്താരങ്ങാടിയെത്തിയ പ്രകടനക്കാരെ ഹിച്ച് കോക്കിന്റെയും മെക്കന്റോയുടെയും നേതൃത്വത്തിതലുള്ള സൈന്യം തടഞ്ഞു. മുന്നറിയിപ്പില്ലാതെ വെടിവെച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കൊടിയുമായി മുന്നിലുണ്ടായിരുന്ന കാസ്മി എന്ന യുവാവ് വെടിയേറ്റു മരിച്ചു.ധാരാളം ഖിലാഫത്ത് പ്രവര്‍ത്തകര്‍ തോക്കിന്നിരയായി. പോലീസ് സ്‌റ്റേഷന്‍ അക്രമണം, റെയില്‍ ട്രാക്കുകള്‍ നശിപ്പിക്കല്‍, വാര്‍ത്താവിതരണ സംവിധാനം തകര്‍ക്കല്‍, ആയുധ സന്നാഹത്തോടെ സംഘം ചേരല്‍ തുടങ്ങി കെട്ടിച്ചമച്ച രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി മരിക്കുന്നത് വരെ തൂക്കിലേറ്റാനും ബ്രിട്ടീഷ് കോടതി ശിക്ഷിച്ചു.
ചരിത്രകാരന്‍മാര്‍ പലരും ഫെബ്രുവരി 26 ന് ആണ് കുഞ്ഞിക്കാദറിനെ തൂക്കിലേറ്റിയത് എന്ന് പറയുമെങ്കിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ദിവസം 93 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1921 ഫെബ്രുവരി 20 ആണ് . കൊലക്കയര്‍ കഴുത്തില്‍ മുറുകുമ്പോഴും ‘ഇന്ത്യയുടെ സ്വാതന്ത്യം’ എന്നുദ്‌ഘോഷിച്ച ആ ധീരസേനാനിയെ ഓര്‍ക്കാന്‍ പോലും പലര്‍ക്കും കഴിയാതെ പോയി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!