താനൂര്‍: സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്റ താനാളൂര്‍ കുണ്ടുങ്ങലിലുള്ള വീടിനു നേരെ ആക്രമണം . ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. താനൂര്‍ അഞ്ചുടിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖ് വെട്ടേറ്റ് മരിച്ച കേസില്‍ പ്രതികളെ തെളിവെടുപ്പിനായി അഞ്ചുടി കിഴക്കു ഭാഗത്ത് കനോലി കനാലിന് സമീപത്ത് കൊണ്ടുവന്നു സമയത്തായിരുന്നു ആക്രമണം.
ഒരു അക്രമിസംഘം വീടിന് നേരെ കല്ലെറിയുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. അഞ്ചുടി ഭാഗത്തു നിന്നെത്തിയ നൂറോളം വരുന്ന സംഘമാണ് ആക്രണത്തിന് എത്തിയത്. ഇവര്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്ന് ജയന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താനൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇസഹാഖിന്റെ കൊലപാതകത്തില്‍ സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമായ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ വെട്ടേറ്റ് കിടപ്പിലായ സിപിഎം ലോക്കല്‍കമ്മറ്റിയംഗം ഷംസുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവര്‍. ഈ കേസില്‍ ഇ ജയന് പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലീംലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജയനുനേരെ രൂക്ഷമായ പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. യൂത്ത്‌ലീഗ് നേതാവ് പികെ ഫിറോസ് ഇസഹാഖ് വധത്തില്‍ പി ജയരാജന്റെയും, ഇ. ജയന്റെയും പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവിശ്യപ്പെട്ടിരുന്നു.




