തിരുവനന്തപുരം: നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു.യാത്രയ്ക്കിടെയാണ് തിരുവനന്തപുരത്തുനിന്ന് മുംബൈ ലോക്മാന്യതിലക് ടെര്‍മിനലിലേക്ക് പുറപ്പെട്ട 16364 ാം നമ്പര്‍ നേത്രാവതി എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ ഒഴികെ വേര്‍പ്പെട്ടത്. വേര്‍പ്പെട്ടുപോയ ബോഗികള്‍ പേട്ട സ്റ്റേഷനില്‍ കിടക്കുകയും എഞ്ചിനും മറ്റ് മൂന്ന് ബോഗികളുമായി വണ്ടി പോവുകയുമായിരുന്നു. ഏകദേശം ആറ് കിലോമീറ്ററോളം ട്രെയിന്‍ മുന്നോട്ട് പോയിരുന്നു. എന്‍ജിനുമായി ട്രെയിന്‍ കൊച്ചുവേളി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
രാവിലെ 9.30ഓടെയാണ് സംഭവം. പേട്ടയില്‍ കിടക്കുന്ന ബോഗിയില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബോഗി വേര്‍പെട്ട കാര്യം ലോക്കോപൈലറ്റും മറ്റും അറിഞ്ഞിരുന്നില്ല. ബോഗികള്‍ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് എന്‍ജിനും ബോഗികളും തിരിച്ച് പേട്ടയിലെത്തിച്ച ശേഷം ബാക്കിയുള്ള ബോഗികള്‍ ഘടിപ്പിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.




