സ്ത്രീജീവനക്കാര്‍ ചുരിദാറിനൊപ്പം ഷാള്‍ ധരിക്കണം; തമിഴ്‌നാട് സര്‍ക്കാറിന്റെ ഡ്രസ് കോഡ്

ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പുതിയ ഡ്രസ്‌കോട് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ഇതുപ്രകാരം സ്ത്രീകള്‍ക്ക് സാരി, സമല്‍വാര്‍ കമ്മീസ് എന്നിവ ഇളം നിറത്തിലുള്ളവ ധരിക്കാം. എന്നാല്‍ ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

അതെസമയം പുരുഷന്‍മാര്‍ തമിഴ് സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രങ്ങളോ മറ്റ് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളോ അണിയാം. പാന്റ്‌സും ഷര്‍ട്ടും മുണ്ടും ധരിക്കാം. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് മാന്യമായിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അതോടൊപ്പം കോടതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക വസ്ത്രധാരണം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കോടതികളിലോ ട്രിബ്യൂണുകളിലോ ഹാജരാകുന്ന പുരുഷ ഉദ്യോഗസ്ഥര്‍ കോട്ട് ധരിക്കണം. ഫുള്‍ സ്ലീവ് ഷര്‍ട്ടും ഒപ്പം കോട്ടുമാണ് ധരിക്കേണ്ടത്. തുറന്ന കോട്ടാണ് ധരിക്കുന്നതെങ്കില്‍ ടൈകൂടി അണിയണം. സെക്രട്ടറിയേറ്റിലെ വനിത ജീവനക്കാര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന അതെ വസ്ത്രം തന്നെയാണ് കോടതിയിലെ വനിതാ ജീവനക്കാര്‍ക്കും നിര്‍ദേശിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് സെക്രട്ടറിയേറ്റിലെ പുതിയ വസ്ത്രധാരണത്തെ കുറിച്ച് ഉത്തരവിറക്കിയത്.

Related Articles