രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത് പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത് പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റാണെന്നും കൃഷ്ണയ്ക്കും അക്കാദമിയ്ക്കും അഭിനന്ദനമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

ടി എം കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് അക്കാദമിയുടെ വാര്‍ഷിക സംഗീത കോണ്‍ഫറന്‍സില്‍ നിന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ രഞ്ജിനി,ഗായത്രി സഹോദരിമാര്‍ പിന്മാറുകയായിരുന്നു. പെരിയാറിനെ മഹത്വവത്കരിക്കയും ബ്രാഹ്‌മണരുടെ വംശഹത്യക്ക് ആഹ്വാനം നല്‍കുകയും ചെയ്ത കൃഷ്ണയെ ആദരിക്കുന്നത് ധര്‍മ്മത്തിന് എതിരാകുമെന്നായിരുന്നു സംഗീതജ്ഞരായ സഹോദരിമാരുടെ ആരോപണം.സംഗീതത്തിന്റെ ആത്മീയ സ്വഭാവം നിരന്തരമായി നിഷേധിക്കുന്ന വ്യക്തിയാണ് ടി എം കൃഷ്ണയെന്നും ഇവര്‍ വിമര്‍ശിച്ചിരുന്നു.

സംഗീതജ്ഞരായ സഹോദരിമാര്‍ക്ക് ബിജെപി കഴിഞ്ഞദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അതേസമയം ടി എന്‍ കൃഷ്ണയെ പിന്തുണച്ച് കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top