Section

malabari-logo-mobile

മെഗാ തിരുവാതിരയും പൂക്കളങ്ങളുമായി സ്വീപ് ഓണാഘോഷം

HIGHLIGHTS : Sweep Onam celebration with mega Thiruvathira and flower arrangements

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ അത്തപ്പൂക്കള മത്സരവും മെഗാ തിരുവാതിരയും നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എ ഗീത നിര്‍വഹിച്ചു. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടത് ഓരോ പൗരന്റെയും അവകാശമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവണമെന്നും കലക്ടര്‍ പറഞ്ഞു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.ശീതള്‍ ജി മോഹന്‍ അധ്യക്ഷത വഹിച്ചു.

‘കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം’ എന്ന സന്ദേശവുമായി യുവാക്കളില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായുള്ള വിപുലമായ പ്രചാരണങ്ങളുടെ ഭാഗമായാണ് മെഗാ തിരുവാതിര നടന്നത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മെഗാ തിരുവാതിരയില്‍ മൂന്നുറോളം പേര്‍ അണിനിരന്നു. ജില്ലാ കലക്ടറും ഡെപ്യൂട്ടി കലക്ടര്‍മാരും മെഗാതിരുവാതിരയില്‍ അണിനിരന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം ഇരട്ടിയായി. ദേവഗിരി കോളേജ് അധ്യാപകനായ ബിബിന്‍ ആന്റണിയാണ് തിരുവാതിര പാട്ട് ചിട്ടപ്പെടുത്തിയത്.

sameeksha-malabarinews

സ്വീപ് ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ പൂക്കളവും വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോയാണ് പൂക്കളത്തില്‍ ഒരുക്കിയത്. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പൂക്കളമിട്ടത്. ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന എന്‍ട്രികളാണ് സംസ്ഥാനതല മത്സരത്തിലേക്ക് അയയ്ക്കുക. ഓണ്‍ലൈനായി നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ കൂടുതല്‍ ലൈക്ക് നേടുന്ന മികവാര്‍ന്ന പൂക്കളത്തിന് ക്യാഷ് അവാര്‍ഡ് ലഭിക്കും.

ഡെപ്യൂട്ടി കലക്ടര്‍മാരായ ഹിമ കെ, ഷാമിന്‍ സെബാസ്റ്റ്യന്‍, അനിത കുമാരി ഇ, ശാലിനി പി.പി, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ മനോജന്‍ കെ.പി, ജില്ലാ ലോ ഓഫീസര്‍ സേവ്യര്‍ കെ, ജില്ലാ ഇ എല്‍ സി കോര്‍ഡിനേറ്റര്‍ വിജയന്‍ പി.എസ്, ഇ എല്‍ സി കോര്‍ഡിനേറ്റര്‍ ഡോ സതീഷ് ജോര്‍ജ്ജ്, ദേവഗിരി ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് മാനേജര്‍ ഫാദര്‍ ബിജു കെ ഐസക്, പ്രിന്‍സിപ്പല്‍ പ്രൊഫ. ബോബി ജോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹുസൂര്‍ ശിരസ്തദാറും സ്വീപ്പ് നോഡല്‍ ഓഫീസറുമായ ബാബു ചാണ്ടുള്ളി സ്വാഗതവും കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാല്‍ എ.എം നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!