സുഹൃത്തായ യുവതിക്ക് ഫ്‌ളാറ്റ് തരപ്പെടുത്തിക്കൊടുത്തതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍

പോലീസിങ്ങിലെ സദാചാരം;

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട് സുഹൃത്തായ യുവതിക്ക് ഫ്‌ളാറ്റ് തരപ്പെടുത്തി നല്‍കിയെന്ന കാരണം ചുണ്ടിക്കാട്ടി പോലീസ് ഉദ്യോഗ്സ്ഥന് സസ്‌പെന്‍ഷന്‍ . കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളക്കുന്നിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഇതേ കുറിച്ച് പ്രതികരിച്ചുകൊണ്ട് കേരളപോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികകല്ലായി ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരംപൂര്‍വ്വം കൈപ്പറ്റിയെന്ന് ഉമേഷ് വള്ളിക്കുന്ന് ഈ ഓര്‍ഡര്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

’31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ളാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യസന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തേയും വ്യക്തിത്വത്തേയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ എന്നും ഉമേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ശബ്ദസന്ദേശം ചിത്രത്തിന്റെ സംവിധായകന്‍ പോസ്റ്റ് ചെയ്തത് സാമുഹ്യമാധ്യമത്തിലൂടെ ഷെയര്‍ ചെയ്തു എന്നപേരിലും ഉമേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജ് ഐപിഎസ് ആണ് ഉമേഷിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നു. യുവതിയുടെ പേരില്‍ ഫ്‌ളാറ്റ് തരപ്പെടുത്തിക്കൊടുക്കുയും, വാടക എഗ്രിമെന്റില്‍ സാക്ഷിയായി ഒപ്പിടുകയും,ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നുവെന്നും, ഇത് ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന കുറ്റമാണ് എന്നാണ് ആരോപിച്ചിരിക്കുന്നത്.

കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ യുവതിയുടെ മൊഴി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പങ്കുവെച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് എഴുതിയ ഫേയ്‌സ ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു.

2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ
ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.

31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി “അവളുടെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു” എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.

അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ.

ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •