Section

malabari-logo-mobile

യാത്ര സേഫ് ആക്കാന്‍ ‘സുരക്ഷാമിത്ര’; ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളില്‍

HIGHLIGHTS : 'Surakshamitra' to make travel safe; GPS installed in two and a half lakh vehicles

സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ‘നിര്‍ഭയ’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ച സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്കു തുടക്കമിട്ടത്. വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതോടൊപ്പം സുരക്ഷാ ബട്ടണ്‍ (പാനിക് ബട്ടണ്‍) കൂടി ഘടിപ്പിക്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ പൂര്‍ണമായി ഉറപ്പാക്കാനാകും.

യാത്രയ്ക്കിടയില്‍ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ പോലീസ് സേവനം തേടുന്നതിന് സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. വാഹനത്തിന്റെ വലിപ്പം, ഉള്‍ക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതല്‍ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. അപായ സൂചന നല്‍കുന്നതിനു ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടണ്‍ ഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ബസുകള്‍, കെ.എസ്.ആര്‍.ടി.സി, ആംബുലന്‍സ്, ട്രക്കുകള്‍, ടാക്സി വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്.

sameeksha-malabarinews

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് വഴി കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്നതിനാല്‍ യാത്ര സദാസമയം നിരീക്ഷിക്കാനും വാഹനങ്ങള്‍ തുടര്‍ച്ചയായി അമിത വേഗത്തിലോടിയാല്‍ ഇക്കാര്യം വാഹന ഉടമയുടെ മൊബൈല്‍ നമ്പറില്‍ അറിയിക്കാനും കഴിയും. പ്രതിമാസം 150 ഓളം വാഹനങ്ങള്‍ക്ക് അമിതവേഗം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ സന്ദേശം ലഭിക്കുന്ന വാഹനങ്ങള്‍ പിന്നീട് അമിതവേഗം നിയന്ത്രിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതുവരെ ജി.പി.എസ് ഘടിപ്പിച്ച രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ 23,745 എണ്ണം സകൂള്‍ ബസുകളും 2234 എണ്ണം നാഷണല്‍ പെര്‍മിറ്റുള്ള ട്രക്കുകളും 1863 എണ്ണം കെ.എസ്.ആര്‍.ടി.സി ബസുകളുമാണ്. റോഡപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനും സുരക്ഷാമിത്ര വഴി സാധിക്കും. പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്തും ഫിറ്റ്‌നസ് പുതുക്കുന്ന സമയത്തും ജി.പി.എസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതോടെ അസ്വാഭാവിക സാഹചര്യങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ സുരക്ഷയും സഹായവും ഉറപ്പക്കാനാകും. കൂടാതെ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്ന മേഖലകള്‍ കണ്ടെത്തി ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ പോലീസിന് സഹായകമായ വിവരങ്ങള്‍ നല്‍കാനും ഇതു സഹായകമാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!