മുംബൈ: സബര്‍ബന്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ തമ്മില്‍ തല്ല്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥക്കും മര്‍ദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
താനെ-പന്‍വേല്‍ ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം. ടര്‍ബെ സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാര്‍ തര്‍ക്കത്തിലായി. സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാന്‍ അനുവദിച്ചു. എന്നാല്‍, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തര്‍ക്കം അടിയില്‍ കലാശിച്ചു. പിന്നീട് സ്ത്രീകളുടെ കൂട്ടത്തല്ലിനാണ് യാത്രക്കാര്‍ സാക്ഷ്യം വഹിച്ചത്.
സ്ത്രീ യാത്രക്കാരുടെ തലയില്‍ രക്തം വാര്‍ന്നൊഴുകുന്നത് വീഡിയോയില്‍ കാണാം. യാത്രക്കാര്‍ സീറ്റുകള്‍ക്ക് മുകളിലൂടെ ഓടുന്നത് കാണാം. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളില്‍ നിന്ന് മര്‍ദ്ദനമേറ്റു. ഇവര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
WATCH – Women commuters fight over seat in Mumbai local train, two including cop injured.#MumbaiLocal #ViralVideo pic.twitter.com/aMo4f6Yl1N
— TIMES NOW (@TimesNow) October 7, 2022




