സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ; നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തി. ഇന്ന് കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളില്‍ മഴ ലഭിച്ചു. അടുത്ത മൂന്നു നാലു ദിവസം കൂടുതല്‍ സ്ഥലങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

എറണാകുളത്തും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളത്തും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ടായിരിക്കും. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ശനിവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും 40 കിലോ മീറ്റര്‍വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

മഴ കിട്ടുമെങ്കിലും സംസ്ഥാന താപനില മുന്നറിയിപ്പ് തുടരുകയാണ്. ആറ് ജില്ലകളില്‍ ഒന്നാം ഘട്ട താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടുമുണ്ട്. പാലക്കാട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഈ ജില്ലകളില്‍ താപനില ഉയരും. പാലക്കാടും, കൊല്ലത്തും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസായിരിക്കും. 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഒന്നാം ഘട്ട മുന്നറിയിപ്പെന്ന നിലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top