പാട്ടും വരയുമായി ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സ്വാഗതമോതി വിദ്യാര്‍ത്ഥികള്‍; കുട്ടികളുടെ പാട്ടിന് ഗിറ്റാര്‍ വായിച്ച് ജില്ലാ കളക്ടര്‍

HIGHLIGHTS : Students welcome Beypore International Water Fest with song and dance; District Collector plays guitar to children's song

careertech

ഡിസംബര്‍ 27 ന് ആരംഭിക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന് സ്വാഗതമോതി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ബീച്ചില്‍ അവതരിപ്പിച്ച ഗാനമേളയും ചിത്രംവരയും ശ്രദ്ധേയമായി. ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് ആറിന് നടന്ന ഗാനമേള, ‘മല്‍ഹാര്‍ ബാന്‍ഡി’ല്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള 13 വിദ്യാര്‍ത്ഥികള്‍ പാട്ടുപാടി ആഘോഷമാക്കി.

വയലാര്‍-ദേവരാജന്‍ ടീമിന്റെ നിത്യഹരിതഗാനമായ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം…’ ഹരിനന്ദ്, സാനിയ വില്‍സന്‍ എന്നിവര്‍ വേദിയില്‍ ആലപിച്ചപ്പോള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഗിറ്റാറില്‍ അകമ്പടിയായത് നവ്യാനുഭവമായി.

sameeksha-malabarinews

പരിപാടി ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. സര്‍വശിക്ഷ കേരള (എസ്എസ്‌കെ) ജില്ലാ കോര്‍ഡിനേറ്റര്‍ എ കെ അബ്ദുള്‍ ഹക്കീം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, ഡയറ്റ് പ്രിന്‍സിപ്പാള്‍ യു കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

നേരത്തെ വൈകുന്നേരം മൂന്നിന് നടന്ന ചിത്രംവര, ‘ബിഗ് ക്യാന്‍വാസി’ല്‍ 25 ഭിന്നശേഷി വിദ്യാര്‍ത്ഥികളും അവരെ പരിശീലിപ്പിക്കുന്ന എസ്എസ്‌കെയിലെ 25 അധ്യാപകരും പങ്കെടുത്തു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടി കെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ കെ അബ്ദുല്‍ ഹക്കീം, ഹരീഷ് വി, ബിപിസി-മാരായ സജീവന്‍ മാസ്റ്റര്‍, പ്രവീണ്‍കുമാര്‍ വി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!