Section

malabari-logo-mobile

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി

HIGHLIGHTS : Students' bus fare hike: Minister says discussions will continue

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ നിലവിലെ രീതിയില്‍ തുടരണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യത്തില്‍ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജുവും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും നടത്തിയ ചര്‍ച്ചയിലാണ് കണ്‍സഷന്‍ നിലവിലുള്ളതുപോലെ തുടരണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടത്.

sameeksha-malabarinews

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശയും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് 5 രൂപയായി വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. 2012ലാണ് വിദ്യാര്‍ഥികളുടെ മിനിമം ബസ് ചാര്‍ജ് 50 പൈസയില്‍ നിന്നും ഒരു രൂപയായി വര്‍ദ്ധിപ്പിച്ചത്. ഡീസലിന്റെയും അനുബന്ധ ഘടകങ്ങളുടെയും വിലവര്‍ദ്ധന പരിഗണിച്ച് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സ്വകാര്യ ബസുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇതു സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകളെക്കൂടി വിശ്വാസത്തിലെടുത്തേ തീരുമാനിക്കൂ എന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!