Section

malabari-logo-mobile

ലഹരിവ്യാപനത്തിനെതിരെ കര്‍ശനനടപടി; ലഹരിവിമുക്തിക്ക് സര്‍ക്കാര്‍ ഒപ്പം: മന്ത്രി വി. ശിവന്‍കുട്ടി

HIGHLIGHTS : Strict action against drug addiction; With the government for drug addiction: Minister V. Shivankutty

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും രണ്ടാം ഘട്ടത്തില്‍ നേരിട്ടുള്ള കൂടുതല്‍ ഇടപെടലുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളി ക്യാമ്പുകളിലും, തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ലഹരി വ്യാപന സാധ്യതകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ. നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ്, എക്‌സൈസ് വകുപ്പുകളുമായി ചേര്‍ന്നു കര്‍ശന നടപടികള്‍ സ്വീകരിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ലഹരി വിമുക്തിക്കും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് കേരളത്തിന്റെ ഉത്പാദന സേവന,വിതരണ മേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി അതിഥിത്തൊഴിലാളികള്‍ മാറി. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തില്‍ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ ഒറ്റപ്പെട്ട ചില ക്രിമിനല്‍ പ്രവണതകളും ലഹരി ഉപയോഗവും ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിഥി തൊഴിലാളികളെ ലഹരിമാഫിയ ഉപയോഗിക്കുന്നതായും അവരില്‍ കമ്പോളം കണ്ടെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തുന്ന തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ നിന്ന് വളന്റിയേഴ്‌സിനെ രൂപീകരിക്കും. ഇവര്‍ക്കു പരിശീലനവും നല്‍കും. ക്യാമ്പുകളിലെത്തുന്ന ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് ഉപഭോഗവും വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാവുന്നതാണ്. വിവരം ലഭിക്കുന്ന ഉദ്യോഗസ്ഥന്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് – എക്‌സൈസ് – ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടതും ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ച വിവരം ഉറപ്പാക്കേണ്ടതുമാണ്. ലഹരിക്ക് അടിപ്പെട്ടവരുടെ മോചനത്തിന് ഉദ്യോഗസ്ഥര്‍ സഹായകരവും മാതൃകാപരവുമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകുന്ന ലഹരി ഉപയോഗം ശരീരികവും മാനസീകവുമായി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക ജീവിതത്തെ തകിടം മറിക്കുമെന്നും ഇത് മനസ്സിലാക്കി അതില്‍നിന്നും സ്വയം മോചിതരാവാനും മറ്റുള്ളവരെ പിന്തിരിപ്പിക്കാനും ശ്രമിക്കണമെന്നും ലഹരിക്കെതിരെയുള്ള കേരള സര്‍ക്കാരിന്റെ സുപ്രധാന പോരാട്ടത്തില്‍ എല്ലാവരും അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലേബര്‍ കമ്മീഷണര്‍ ഡോ കെ വാസുകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജോയിന്റ് എക്സൈസ് കമ്മീഷണര്‍ (വിമുക്തി) ആര്‍. ഗോപകുമാര്‍, അഡീ. ലേബര്‍ കമ്മീഷണര്‍ കെ.എം. സുനില്‍, വിവിധ തൊഴിലാളി സംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കവച് സംസ്ഥാനതലസമാപന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന അതിഥിത്തൊഴിലാളി ലഹരിവിരുദ്ധ മഹാറാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി രണ്ടായിരത്തിലധികം അതിഥിത്തൊഴിലാളികള്‍ പങ്കെടുത്ത റാലി പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ. നായനാര്‍ പാര്‍ക്കില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!