
കൊയിലാണ്ടി പട്ടണത്തിലെ തിരക്കേറിയ ഫുട്പാത്ത് ഇനി പുതുമോടിയിലാണ്; ഒപ്പം വഴിയോര കച്ചവടക്കാരും. ദേശീയപാതയില്‍ നിന്നും പട്ടണഹൃദയ ഭാഗമായ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഫുട്പാത്തിന് ചേര്‍ന്നു കൊണ്ടാണ് കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക, ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ 15 വര്‍ഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാന്‍സ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന 40 ഓളം വഴിയോര കച്ചവടക്കാരെയാണ് ഇവിടെ പുനരധിവസിപ്പിച്ചിട്ടുള്ളത്.
കുടുംബശ്രീ എന്‍യുഎല്‍എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ എട്ട് ലക്ഷം രൂപ നഗരസഭ ഫണ്ട് ഉപയോഗപ്പെടുത്തി ടൈല്‍ വിരിക്കുകയും ഹാന്റ് റയില്‍ എന്നിവ നിര്‍മ്മിച്ച് വഴിയോര കച്ചവട കേന്ദ്രം സൗന്ദര്യവത്കരിച്ചിട്ടുമുണ്ട്.
തീര്‍ത്തും അസംഘടിതമായ രീതിയില്‍ കച്ചവടം ചെയ്തിരുന്ന കച്ചവടക്കാരെ വഴിയോര കച്ചവട നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് ക്രമീകരിച്ച് അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് നഗരസഭ പൂര്‍ത്തീകരിച്ചത്. കച്ചവടക്കാര്‍ നിലവില്‍ കച്ചവടം ചെയ്യുന്ന സ്ഥലം തന്നെ പുനരധിവാസത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. പട്ടണത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരെയും ഇത്തരത്തില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ട്.
നഗരസഭയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ക്കായി പൊതു ഇടം ഒരുക്കുക എന്ന ലക്ഷ്യത്തില്‍ ഓപ്പണ്‍ സ്റ്റേജും നിര്‍മ്മിച്ചിരിക്കയാണ്. 12 ലക്ഷം രൂപ ചെലവിലാണ് ബസ്റ്റാന്‍ഡിനു സമീപം ഓപ്പണ്‍ സ്റ്റേജ് ഒരുക്കിയിട്ടുള്ളത്.
വഴിയോര കച്ചവട കേന്ദ്രത്തിന്റെയും (സ്ട്രീറ്റ് വെന്റിഗ് മാര്‍ക്കറ്റ്) ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം ഫെബ്രുവരി 14 ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. ചടങ്ങില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




