നിധി സ്വന്തമാക്കാന്‍ നരബലി നല്‍കണമെന്ന ജോത്സ്യന്റെ നിര്‍ദേശ പ്രകാരം വയോധികനെ യുവാവ് കൊലപ്പെടുത്തിയ സംഭവം; കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കര്‍ണാടക: നിധി സ്വന്തമാക്കാന്‍ നരബലി നല്‍കണമെന്ന ജോത്സ്യന്റെ നിര്‍ദേശ പ്രകാരം വയോധികനെ യുവാവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഫെബ്രുവരി ഒന്‍പതിനാണ് നരബലിയുടെ പേരില്‍ ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡിയും ജ്യോത്സ്യന്‍ രാമകൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗയിലെ ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി പ്രഭാകറാണ് കൊല്ലപ്പെട്ടത്.

കേസിലെ ഒന്നാം പ്രതിയായ ആനന്ദ് റെഡ്ഡി വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. തുടര്‍ന്ന് ആനന്ദ് ജ്യോതിഷി രാമകൃഷ്ണയുടെ അടുത്തെത്തി പരിഹാരം ചോദിച്ചറിഞ്ഞു . എന്നാല്‍ പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് മാറണമെങ്കില്‍ നിധി സ്വന്തമാക്കണമെന്നും അതിന് നരബലി കൊടുക്കേണ്ടി വരുമെന്നും നിര്‍ദ്ദേശിക്കുന്നു. നരബലിയിലൂടെ മാരാമ ദേവിക്ക് രക്തം അര്‍പ്പിച്ചാല്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്നും നിര്‍ദ്ദേശിച്ചു. പരശുരാമപുര വെസ്റ്റിലാണ് നിധി മറഞ്ഞിരിക്കുന്നതെന്നും ജ്യോതിഷി രാമകൃഷ്ണ വിശ്വസിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് നരബലിക്കായുള്ള അന്വേഷണത്തിനൊടുവില്‍ ആനന്ദ് റെഡ്ഡി കണ്ടെത്തിയത് ചെരുപ്പുകുത്തിയെ ആയിരുന്നു. ജോലി കഴിഞ്ഞ് പതിവുപോലെ നടന്നു പോയ പ്രഭാകറിന്, പ്രതി തന്റെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രഭാകറിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രഭാകറിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ജ്യോത്സ്യനെ അറിയിച്ചു. ഇരുവരും ചേര്‍ന്ന് നരബലി പൂജ നടത്തുന്നതിനിടെ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. കേസില്‍ മറ്റ് പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷണം ഊര്‍ജജിതമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top