ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് രണ്ട് മാസത്തേക്ക് സ്റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന് സ്റ്റേ. രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. മെയ് 20 ന് കേസ് വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ആറ് മാസത്തിനുള്ളില്‍ തവണകളായി പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് ബൈച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാനത്തിന്റെ പ്രവൃത്തികള്‍ പ്രശംസനീയമാണ് എന്നാല്‍ പൗരന്‍ന്മാരുടെ അവകാശങ്ങള്‍ അവഗണിക്കാന്‍ കോടതിക്ക് കഴിയില്ല. ചെയ്യുന്ന ജോലിക്ക് ശമ്പളം ലഭിക്കുക എന്നത് വ്യക്തികളുടെ അവകാശമാണ് .2005 ലെ ദുരന്ത നിവാരണ നിയമമോ 1987 ലെ പകര്‍ച്ചവ്യാധി രോഗ നിയമമോ ഇത്തരമൊരു നടപടിയെ സാധൂകരിക്കുന്നില്ല എന്നായിരുന്നു ജസ്റ്റിസ് കുര്യന്‍ തോമസ് നിരീക്ഷിച്ചത്. എന്നാല്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ലെന്നും ശമ്പളം താത്ക്കാലികമായി മാറ്റവയ്ക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചത്.

സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തിനായി 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമപെന്‍ഷന്‍ വിതരണവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞെന്നും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അഡ്വ. ജനറല്‍ കോടതിയില്‍ വാദിച്ചു.

സര്‍ക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെക്കുന്നു വെന്നാണ് പറയുന്നതെങ്കിലും തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിച്ച പൊലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമില്ലെന്നും അതിനാല്‍ മാറ്റിവെക്കല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുന്നുവെന്നുമാണ് ഹരജിയില്‍ ആരോപിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top