
ചെന്നൈ: എം കെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങള്‍ക്കായി പോരാടുമെന്നും വോട്ടുചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നും ഭരണത്തിലുള്ളപ്പോള്‍ ജനങ്ങള്‍ക്കായി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നും സ്റ്റാലിന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തിലാണ് പരാജയപ്പെട്ടത്.തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് 74 സീറ്റുകളാണ് നേടാനായത്.
അതേസമയം, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് തമിഴക വെട്രി കഴകം.പാര്‍ട്ടി അധ്യക്ഷന്‍ വിജയുടെ നേതൃത്വത്തില്‍ പനയൂരിലെ ടിവികെ ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിയുക്ത എംഎല്‍എമാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.വിവിധ പാര്‍ട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് വിജയുടെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ 118 എന്ന മാജിക് സംഖ്യയിലേയ്ക്ക് എത്താന്‍ വിജയ്ക്ക് ഇനിയും കടമ്പകള്‍ ഏറെ കടക്കണം. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, വിടുതലൈ സിരുത്തൈകള്‍ കക്ഷി, മുസ്ലിം ലീഗ്, അണ്ണാ ഡിഎംകെ സഖ്യത്തിലെ പാട്ടാളി മക്കള്‍ കക്ഷി. തുടങ്ങി കുറേയേറെ സാധ്യതകള്‍ ടിവികെയ്ക്ക് മുന്നിലുണ്ട്. കൂടാതെ അണ്ണാ ഡിഎംകെ വിട്ട് ടിവികെയില്‍ എത്തിയ കെ എ സെങ്കോട്ടയ്യന്റെ നേതൃത്വത്തില്‍ എഡിഎംകെയില്‍ നിന്ന് എംഎല്‍എമാരെ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തിന് രണ്ട് ആഴ്ചത്തെ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.




