ഇത്തവണയും 11 വനിത എംഎൽഎമാർ നിയമസഭയിലേക്ക്; ഒൻപത് പേർ യുഡിഎഫിൽ നിന്ന് , മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎയായി ഫാത്തിമ തഹ്ലിയ

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കേരള നിയമസഭയിലേക്ക്11 വനിതാ എംഎൽഎമാർ . യുഡിഎഫിൽ നിന്ന്
ഒൻപത് പേരും എൽഡിഎഫിലെ രണ്ടും പേരും അടക്കം ആകെ 11 പേരാണ് വനിതാ സ്ഥാനാർത്ഥികളിൽ വിജയിച്ചത്. മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎയായി ഫാത്തിമ തഹ്ലിയ വിജയിച്ചപ്പോൾ, മന്ത്രി എ കെ ശശീന്ദ്രനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിദ്യ ബാലകൃഷ്ണൻ വിജയിച്ചത്. 2021ൽ ഇടതു മുന്നണിയിൽ നിന്ന് വിജയിച്ചത് 10 വനിതകളും യുഡിഎഫിൽ നിന്ന് വിജയിച്ചത് ഒരു വനിതയുമാണ്.

പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ വിജയിച്ചത് 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. ഫാത്തിമ തെഹലിയ 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്‍ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി. 2021-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ 86,023 വോട്ടുകൾ നേടി വിജയിച്ച മണ്ഡലമാണിത്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സിഎച്ച് ഇബ്രാഹിംകുട്ടിയെ 22,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടമായിരുന്നു പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ ദൃശ്യമായത്.

വടകര മണ്ഡലം നിലനിർത്തിയിരിക്കുകയാണ് കെ കെ രമ. വടകര പിടിക്കാനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ ആവേശ വിജയം സ്വന്തമാക്കി. 14,862 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ കെ രമ വിജയിച്ചത്. കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 50211 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഉമ തോമസ് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടി.

കോങ്ങാട് മണ്ഡലത്തിലാണ് യുഡിഎഫ് കോൺഗ്രസ് സ്ഥാനാർഥി തുളസി വിജയിച്ചത്. സിറ്റിംഗ് എം എൽ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി പരാജയപ്പെടുത്തിയത്. ഒരു വീട്ടിൽ നിന്ന് എം പിയും എം എൽ എയും എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല സാക്ഷ്യം വഹിച്ചത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോൾ, ഭാര്യയും കോൺഗ്രസ് നേതാവുമായ കെ എ തുളസി ഇനി മുതൽ നിയമസഭയിലേക്ക് യാത്രയാകും. ശാന്തകുമാരി 59028 വോട്ടുകൾ നേടിയപ്പോൾ തുളസി 62734 വോട്ടുകൾ നേടിയാണ് വിജയം കുറിച്ചത്.

കൊല്ലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ വിജയിച്ചത് 16830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. ബിന്ദു കൃഷ്ണ 63416 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി എസ് ജയമോഹൻ 46586 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ഡോ. പ്രതാപ് കുമാർ എൻ 18537 വോട്ടുകളും നേടി.

അരൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 74469 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി ദലീമ 65145 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി പിഎസ്. ജ്യോതിസ് 20334 വോട്ടുകളും നേടി.

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് 1422 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയിച്ച സ്ഥാനാർഥിക്ക് 56833 വോട്ടുകളും പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാര്‍ഥി മനോജ് എടമന 55411 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി 32920 വോട്ടുകളും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയെ ഈ തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ രമ്യ ഹരിദാസ് മറികടന്നു.

എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ വിദ്യ ബാലകൃഷ്‍ണൻ 12162 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ കെ ശശീന്ദ്രനെ പരാജയപ്പെടുത്തിയത്. 2011 മുതലാണ് എലത്തൂർ മണ്ഡലം നിലവിൽ വരുന്നത്. അന്നു മുതൽ എ കെ ശശീന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്.

മാനന്തവാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയൻ ജയിച്ചത് 10543 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. ഉഷ വിജയൻ 77425 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ഓ ആർ കേളു 66882 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പി ശ്യാംരാജ് 19681 വോട്ടുകളും നേടി. 2011-ൽ രൂപീകൃതമായ ഈ പുതിയ മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിലെ പികെ ജയലക്ഷ്മി ആയിരുന്നു. എന്നാൽ 2016-ൽ 1,307 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിന് പികെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിക്കൊണ്ട് ഒആർ കേളു മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മുൻപ് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ഈ മണ്ഡലം കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു.

എൽഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎൽഎയുമായ ഒ എസ് അംബിക 13375 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. പ്രധാന എതിരാളികളായ ബിജെപി സ്ഥാനാര്‍ഥി പി സുധീർ 45788 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് ഭദ്രൻ 41372 വോട്ടുകളും നേടി. ശക്തമായ ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിൽ ഇത്തവണ കണ്ടത്. ചരിത്രപരമായി ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ.

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും നാട്ടിക നിയോജക മണ്ഡലത്തില്‍ എൽഡിഎഫിന്‍റെ ഗീതാ ഗോപി വിജയം സ്വന്തമാക്കി. സിപിഐ മത്സരിച്ച ഗീതാ ഗോപി 7093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ ഗീതാ ഗോപി 58979 വോട്ടുകള്‍ നേടിയപ്പോള്‍ സുനില്‍ ലാലൂര്‍ 51886 വോട്ടുകള്‍ നേടി. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്ന സിപിഐയുടെ സിറ്റിംഗ് എം എല്‍ എ ആയിരുന്ന സി സി മുകുന്ദൻ 45216 വോട്ടുകള്‍ നേടി കരുത്തുകാട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top