Section

malabari-logo-mobile

പ്ലസ് വണ്‍ പരീക്ഷക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ; കുട്ടികളെ അസഹനീയമായ മാനസിക സംഘര്‍ഷത്തിലേക്ക്‌ തള്ളിവിടും ;ഡോ.എകെ അബ്ദുല്‍ ഹക്കീം

HIGHLIGHTS : കോഴിക്കോട്:  കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷക്ക് സ്റ്റേ അനുവദിച്ച നടപടി കുട്ടികളേയും രക്ഷിതാക്കളെയും മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതാണെന്ന് അധ്...

കോഴിക്കോട്:  കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷക്ക് സ്റ്റേ അനുവദിച്ച നടപടി കുട്ടികളേയും രക്ഷിതാക്കളെയും മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതാണെന്ന് അധ്യാപകനും, വിദ്യഭ്യാസ വിചക്ഷണനുമായ ഡോ.എ.കെ അബ്ദുല്‍ ഹക്കീം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിലാണ് ഈ സ്റ്റേ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംഘര്‍ഷത്തെ കുറിച്ച് വിവരിക്കുന്നത്.

സെപ്റ്റംബറില്‍ സെക്കന്റ്ഇയര്‍ സിലബസിന്റെ പകുതിയെങ്കിലും പിന്നിടേണ്ടിയിരുന്ന വിദ്യാര്‍ത്ഥികളെ പ്ലസ് വണ്ണിന്റെ പാഠങ്ങളില്‍ തന്നെ തളച്ചിടുന്നത് ഗുരുതരമായ ഗതികേടാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

sameeksha-malabarinews

രണ്ട് പൊതുപരീക്ഷകള്‍ യാതൊരു അപകടവും വരുത്താതെ നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ഡോ.എ.കെ അബ്ദുല്‍ ഹക്കീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

നാല് ലക്ഷത്തിലധികം വരുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അസഹനീയമായ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന ഉത്തരവാണ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നു !
കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടത്തുന്ന പരീക്ഷ തടയണമെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതി പരീക്ഷകള്‍ സ്‌റ്റേ ചെയ്തത്. സ്‌കൂളുകളില്‍ അണുനശീകരണം നടത്തിയും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ടും പരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാറിന്റെ തീരുമാനം താല്‍ക്കാലികമായെങ്കിലും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. 13 ആം തീയതിക്ക് ശേഷമേ ഇനിയെന്ത് എന്ന അനിശ്ചിതത്വത്തിന് വിരാമമുണ്ടാവൂ.
കോവിഡും തുടര്‍ന്നുണ്ടായ സ്‌കൂള്‍ ലോക്ഡൗണും കാരണം ഏറ്റവുമധികം സങ്കടപ്പെടേണ്ടി വന്നവരാണ് ഇപ്പോള്‍ പരീക്ഷ എഴുതുന്ന പ്ലസ് വണ്‍ കുട്ടികള്‍. മഹാമാരിക്കാലത്തെ ആദ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടി വന്ന ഇവര്‍, വലിയ സാഹസത്തിലൂടെയാണ് അത് പൂര്‍ത്തിയാക്കിയത്. പ്ലസ് വണിന് അഡ്മിഷന്‍ നേടിയ സ്‌കൂളില്‍ ഒരു ദിവസം പോലും ഈ കുട്ടികള്‍ക്ക് പോവാന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ / വിക്ടേഴ്‌സ് ക്ലാസിലൂടെ പഠനം നടത്തുകയും ഫോക്കസ് പോയന്റുകളിലൂടെ പരീക്ഷയ്ക്ക് ഒരുങ്ങുകയും ചെയ്തവരാണവര്‍. ചെറിയ ജീവിതത്തിലെ രണ്ട് വര്‍ഷം നഷ്ടപ്പെടാതെ നോക്കാന്‍ സര്‍ക്കാര്‍ കാണിച്ച കരുതലിനോട് പൊരുത്തപ്പെട്ട് , എങ്ങനെയും അതിജീവിക്കാന്‍ ശ്രമിച്ചവര്‍. ഈ പരീക്ഷ കഴിഞ്ഞ് കിട്ടുന്നതോടെ രണ്ടാം വര്‍ഷ പാഠങ്ങളിലേക്ക് ശ്രദ്ധ ഊന്നാമല്ലോ എന്ന് സമാധാനിച്ചവര്‍.സപ്തംബറിലേക്കെത്തുമ്പോഴേക്കും സെക്കന്റ് ഇയര്‍ സിലബസിന്റെ പകുതിയെങ്കിലും പിന്നിടേണ്ടിയിരുന്ന പാവം മക്കളെ പ്ലസ് വണിന്റെ പാഠങ്ങളില്‍ തന്നെ തളച്ചിടുന്ന ഗുരുതരമായ ഗതികേടാണ് ഈ സ്‌റ്റേ ഉണ്ടാക്കാന്‍ പോകുന്നത്.
പരീക്ഷ കാരണം ഒരു കുട്ടിയ്ക്ക് പോലും കോവിഡ് ബാധിക്കില്ലെന്ന് ഉറപ്പു തരാന്‍ സാധിക്കുമോ എന്നായിരുന്നുവത്രെ കോടതിയുടെ ഒരു ചോദ്യം. അതിനുത്തരം പറയുക മനുഷ്യസാധ്യമല്ലെന്നിരിക്കെ ഹരജിക്കാരന്റെ വാദം അംഗീകരിക്കപ്പെട്ടു. ഒന്നര വര്‍ഷത്തിനിടയില്‍ എസ്.എസ്.എല്‍.സിയുടേയും പ്ലസ് ടുവിന്റെയും രണ്ട് പൊതുപരീക്ഷകള്‍ യാതൊരപകടവും വരുത്താതെ നടത്തിയ സംസ്ഥാനമാണ് കേരളമെന്ന പരിഗണന പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായില്ല എന്നത് വേദനാജനകമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!