HIGHLIGHTS : State School Sports Festival: Enthusiastic welcome in the district for the Deepashikha procession
ഒളിമ്പിക്സ് മാതൃകയില്‍ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് മുന്നോടിയായി കാസര്‍കോഡ് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിന് മലപ്പുറം ജില്ലയില്‍ ആവേശോജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാറില്‍നിന്ന് മലപ്പുറം ഡി.ഡി.ഇ കെ.പി രമേശ് കുമാര്‍ ദീപശിഖ ഏറ്റുവാങ്ങി. ജില്ലയിലെ ഉദ്യോഗസ്ഥര്‍, കായികാധ്യാപകര്‍, കായിക താരങ്ങള്‍ എന്നിവരുടെ അകമ്പടിയോടെ പുറപ്പെട്ട പ്രയാണത്തിന് മൊറയൂര്‍ വി.എം.എച്ച്.എസ്. എസില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മലപ്പുറം എം.എസ്.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ദീപശിഖ ഏറ്റുവാങ്ങി കായിക താരങ്ങള്‍ക്ക് കൈമാറി.
ചടങ്ങ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍, വിദ്യാകിരണം കോഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ്, മലപ്പുറം ഡി.ഇ.ഒ ഗീതാകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. സലീമുദ്ദീന്‍, ഡി.പി.സി മനോജ് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. സന്ദീപ്, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി ഷബിന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ കെ.പി രമേശ് കുമാര്‍ സ്വാഗതവും എം.എസ്.പി സ്‌കൂള്‍ പ്രധാനാധ്യാപിക എസ്. സീത നന്ദിയും പറഞ്ഞു.
ഞായറാഴ്ച രാവിലെ ഒമ്പതിന് എം.എസ്.പി സ്‌കൂളില്‍നിന്ന് ആരംഭിക്കുന്ന പ്രയാണത്തിന് രാവിലെ 10 ന് പെരിന്തല്‍മണ്ണ ജി.ബി.എച്ച്.എസ്.എസില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ വെച്ച് ദീപശിഖ പാലക്കാട് ഡി.ഡി.ഇക്ക് കൈമാറും.
നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയിലാണ് കായികമേള അരങ്ങേറുന്നത്. വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന ദീപശിഖ പ്രയാണവും വാഹന ജാഥയും നാലിന് എറണാകുളം തൃപ്പൂണിത്തുറയില്‍ സംഗമിക്കും. അവിടെനിന്ന് പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു