മത്സ്യമേഖലയെ സംരക്ഷിക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍: മുഖ്യമന്ത്രി

മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വര്‍ദ്ധനയും ഉറപ്പുവരുത്താന്‍ കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരദേശത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിലുമായി സംഘടിപ്പിക്കുന്ന തീര സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊഴിയൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത മത്സ്യ തൊഴിലാളികളെ വരുമാന വര്‍ദ്ധനവ് കൂടി ലക്ഷ്യമാക്കി ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് പ്രാപ്തരാക്കും. ഇതിനായി ഒന്നര കോടി രൂപ വരെ ചെലവ് വരുന്ന ആധുനിക യാനങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്തമാസം തന്നെ ഇത്തരത്തിലുള്ള അഞ്ചെണ്ണം പുറത്തിറക്കാന്‍ കഴിയും. മണ്ണെണ്ണയ്ക്ക് വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ പെട്രോള്‍ എല്‍പിജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. സമുദ്രജല കൂട് മത്സ്യകൃഷിയും പരീക്ഷിക്കും. നോര്‍വേയുടെ സാങ്കേതിക സഹായത്തോടുകൂടിയാകും ഇത്.

തീരത്തിന്റെ ആകെ വികസനം സാധ്യമാക്കാന്‍ പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. എണ്ണായിരത്തിലേറെ കുടുംബങ്ങള്‍ പദ്ധതിപ്രകാരമുള്ള വീടുകളിലേക്കും ഫ്‌ലാറ്റുകളിലേക്കും മാറാന്‍ സന്നദ്ധരായിട്ടുണ്ട്. ഈ ഐക്യവും പിന്തുണയും ആണ് ദുരന്ത ഘട്ടങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാരിനെയും ജനങ്ങളെയും ഒരുപോലെ പ്രാപ്തരാക്കിയത്. പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെ നല്‍കും. 2016 ഭവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആയി. 3367 എണ്ണത്തിന്റെ രജിസ്ട്രേഷനും. 3970 എണ്ണത്തിന്റെ ഭൂമി വില നിശ്ചയിച്ചു. വിവിധ ഇടങ്ങളിലായി ആകെ 390 ഫ്ലാറ്റുകള്‍ പൂര്‍ത്തിയാക്കി കൈമാറി.

പാര്‍പ്പിടം ഒരുക്കുന്നതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യവും ഉറപ്പാക്കി. 2016 മുതല്‍ ഇങ്ങോട്ട് 200 കോടിയിലധികം രൂപയാണ് ഈ ഇനത്തില്‍ ചെലവഴിച്ചത്. തീരദേശത്തെ 33 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 77 കോടിയുടെ പദ്ധതികള്‍. വിവിധ ഘട്ടങ്ങളിലായി മാതാപിതാക്കള്‍ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2037 വരെ നീളുന്ന പദ്ധതിയിലൂടെ 16 കോടി രൂപയാണ് അനുവദിച്ചത്. പ്രതികൂല കാലാവസ്ഥ കാരണമുള്ള തൊഴില്‍ നഷ്ടത്തിന് 36 കോടി രൂപ ധനസഹായവും. 2021ലെ കാലവര്‍ഷ തൊഴില്‍ നഷ്ടവുമായി ബന്ധപ്പെട്ട് 48 കോടി രൂപ നല്‍കിയത് ഒരു ലക്ഷത്തി അറുപതിനായിരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെട്ടു.

മത്സ്യ വിപണനം മെച്ചമാക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തലയില്‍ തുടങ്ങിയ മെഗാ ഫുഡ്പാര്‍ക്കും ഗുണകരമായി. സംസ്ഥാനത്തെ 51 മാര്‍ക്കറ്റുകള്‍ 138 കോടി രൂപ ചിലവഴിച്ച് ആധുനികരിക്കും.

മത്സ്യബന്ധന മേഖലയ്ക്ക് പുറമേ എല്ലാ മേഖലയിലും ഉള്ളവരുടെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പാക്കുന്നു. 63 ലക്ഷം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. 600 രൂപ ആയിരുന്നത് 1600 ആക്കി ഉയര്‍ത്തിയാണ് നല്‍കുന്നത്. 64000 പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. പരമ ദരിദ്രരില്ലാത്ത കേരളമാണ് ലക്ഷ്യം. ദേശീയപാതയ്ക്കൊപ്പം മലയോര തീരദേശ ഹൈവേകളും യാഥാര്‍ത്ഥ്യമാവുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമായി. യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായി സംസ്ഥാനം മാറിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വിവിധ ആനുകൂല്യങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ തീരമണയുന്ന കരുതല്‍ ബ്രോഷറിന്റെ പ്രകാശനവും നടത്തി.

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞ് പരിഹാരം കാണുന്ന തീര സദസ്സ് സംവിധാനം വിജയകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. എംഎല്‍എമാരായ കെ ആന്‍സലന്‍, വി ജോയ്, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ജില്ലാ കലക്ടര്‍ ജറോമിക് ജോര്‍ജ്, ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, മത്സ്യബന്ധന തൊഴിലാളികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top