Section

malabari-logo-mobile

2020ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : State media awards 2020 announced

സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്മുഖ റിപ്പോര്‍ട്ടിങ്, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തില്‍ ടിവി റിപ്പോര്‍ട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡര്‍ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ മാധ്യമം ദിനപത്രത്തിലെ നൗഫല്‍ കെ. ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ‘സംവരണ അട്ടിമറിയുടെ കേരള മോഡല്‍’ എന്ന റിപ്പോര്‍ട്ടിനാണു പുരസ്‌കാരം. ‘കോവിഡ് അതിജീവനം; കേരള മോഡല്‍’ എന്ന റിപ്പോര്‍ട്ടിന് ദീപിക ദിനപത്രത്തിലെ റെജി ജോസഫ് മികച്ച വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം നേടി.

sameeksha-malabarinews

കേരള കൗമുദി ദിനപത്രത്തിലെ എന്‍.ആര്‍. സുധര്‍മ്മദാസിനാണ് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം. ‘അമ്മമനം’ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോയ്ക്കാണ് അവാര്‍ഡ്. ‘അഴിക്കല്ലേ പ്രതിരോധം’ എന്ന ചിത്രത്തിന് ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പി.വി. സുജിത്ത് ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹനായി. കേരള കൗമുദിയിലെ ടി.കെ. സുജിത്തിനാണു മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം. ‘കൊറോണം’ എന്ന കാര്‍ട്ടൂണാണ് പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.

ദൃശ്യ മാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ബി.എസ്. അനൂപിനാണ് മികച്ച ടിവി റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം. ‘തീരം വില്‍പ്പനയ്ക്ക്’ എന്ന റിപ്പോര്‍ട്ടിനാണു പുരസ്‌കാരം. ‘നീതി തേടി കുരുന്നുകള്‍’ എന്ന റിപ്പോര്‍ട്ടിന് മാതൃഭൂമി ന്യൂസിലെ റിയാ ബേബി ജൂറി പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ‘ആദിവാസി മേഖലയിലെ പൊലീസ് ക്ലാസ് റൂം’ എന്ന റിപ്പോര്‍ട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ അജിത്കുമാര്‍ എസിനാണ് മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം. 24 ന്യൂസിലെ ഗോപികൃഷ്ണന്‍ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരം നേടി.

‘കണ്ണില്‍ കനലെരിയുന്ന മീരയും കണ്ണീര്‍വറ്റിയ അമ്മയും’ എന്ന റിപ്പോര്‍ട്ടിന് മനോരമ ന്യൂസിലെ ബെന്നി ജേക്കബ് മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ എം. ദീപുവാണു മികച്ച ക്യാമറമാന്‍. ദില്ലി കലാപത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനാണു പുരസ്‌കാരം. മനോരമ ന്യൂസിലെ വി.വി. വിനോദ് കുമാര്‍ ടിവി ക്യാമറമാന്‍ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. കെ.എസ്.ആര്‍.ടി.സിയിലെ മിന്നല്‍ പണിമുടക്കിന്റെ ദൃശ്യങ്ങള്‍ക്കാണ് അംഗീകാരം. മനോരമ ന്യൂസിലെ ഫിജി തോമസാണ് മികച്ച ന്യൂസ് റീഡര്‍.

പി.എസ്. രാജശേഖരന്‍, ആര്‍. സുഭാഷ്, സി.ഡി. ഷാജി എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. നവാസ് പൂനൂര്‍, പി.വി. കൃഷ്ണന്‍, കെ. മനോജ് കുമാര്‍ എന്നിവരായിരുന്നു കാര്‍ട്ടൂണ്‍ വിഭാഗം ജൂറി. സി.എല്‍. തോമസ്, എന്‍.കെ. രവീന്ദ്രന്‍, പ്രിയ രവീന്ദ്രന്‍ എന്നിവരായിരുന്നു ദൃശ്യമാധ്യമ വിഭാഗത്തിലെ ജൂറി അംഗങ്ങള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!