HIGHLIGHTS : State level recognition for Kadulundi for outstanding biodiversity activities
കടലുണ്ടി:മികച്ച ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കടലുണ്ടി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിക്ക് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം.
രാജ്യത്ത് ആദ്യമായി ജനകീയ വൈവിധ്യ രജിസ്റ്റര്‍ (EPBR) കാലികമാക്കിയ കടലുണ്ടിക്കിത് അഭിമാന നേട്ടം.സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി മത്സ്യ സഭ സംഘടിപ്പിച്ചു.
കണ്ടല്‍ ചെടികളുടെ വര്‍ദ്ധനവിനായി കടലുണ്ടി ചാലിയാര്‍ നദീ തീരങ്ങളില്‍ കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കല്‍, കടലുണ്ടിയിലെ ശ്മശാനങ്ങളില്‍ ഫല വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുന്ന സ്മൃതി വനം പദ്ധതി, ഗ്രാമ പ്രദേശത്തെ വഴികളില്‍ ഫല വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തല്‍ തുടങ്ങിയ പ്രവൃത്തികള്‍ കടലുണ്ടിയില്‍ ഫലപ്രദമായി നടപ്പാക്കി.
നദീ തീരങ്ങളുടെ സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം പദ്ധതി നടപ്പിലാക്കി.പഞ്ചായത്തിലെ മുഴവന്‍ വിദ്യാലയങ്ങളിലും ജൈവ വൈവിധ്യ ക്ലബ്ബുകള്‍ രൂപീകരിച്ചു.ജൈവ വൈവിധ്യ രജിസ്റ്ററിന്റെ ഡിജിറ്റലൈസേഷനും ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ജൈവ വൈവിധ്യ പരിപാലന കമ്മറ്റി അംഗങ്ങളുടെയും പഞ്ചായത്തിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ പറഞ്ഞു.ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് രണ്ടു ലക്ഷം രൂപ അനുവദിച്ചു. സമഗ്രമായ സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറായി വരികയാണെന്നും പ്രസിഡണ്ട് പറഞ്ഞു.തൃശൂര്‍ ജില്ലയിലെ ശ്രീ നാരായണ പുരം ഗ്രാമ പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ചെയര്‍ പേഴ്‌സണും സെക്രട്ടറി ആര്‍.രമണന്‍ കണ്‍വീനറും എം ഗോപാലകൃഷ്ണന്‍ കോ ഓര്‍ഡിനേറ്റുമായ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ചിട്ടയായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയായി ഈ നേട്ടം.